ദുബായ് ജൈടെക്‌സ് മേള : കോഴിക്കോട്ടുനിന്ന് 21 ഐ.ടി. കമ്പനികൾ


കോഴിക്കോട്: അടുത്തമാസം ദുബായിൽ നടക്കുന്ന ആഗോള ടെക്‌നോളജി എക്സിബിഷനായ ‘ജൈടെക്‌സിൽ’ കേരളത്തിൽനിന്ന് പങ്കെടുക്കുന്ന 30 കമ്പനികളിൽ ഇരുപത്തൊന്നും കോഴിക്കോട്ടുനിന്ന്. വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറുകണക്കിന് കമ്പനികൾ പങ്കെടുക്കുന്ന മേളയാണ് ജൈടെക്‌സ്. ഉത്‌പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം പുതിയ വിപണി കണ്ടെത്താനും ഐ.ടി. കമ്പനികൾക്ക് വലിയ അവസരമാണിതൊരുക്കുന്നത്.

കോഴിക്കോട് സർക്കാർ സൈബർ പാർക്ക് (9), യു.എൽ. സൈബർ പാർക്ക് (4), ഹൈലൈറ്റ് ബിസിനസ് പാർക്ക് (3), കാക്കഞ്ചേരി കിൻഫ്ര പാർക്ക് (2) എന്നിവിടങ്ങളിൽനിന്നുള്ള കമ്പനികളാണുള്ളത്. ഇതിനുപുറമെ നഗരത്തിൽ പലയിടങ്ങളിലായി പ്രവർത്തിക്കുന്ന നാലു കമ്പനികൾ കൂടെയുണ്ട്. 19 സ്റ്റാർട്ടപ്പുകളും കേരളത്തിൽനിന്ന് പങ്കെടുക്കുന്നുണ്ട്. മേളയിൽ ഐ.ടി. പ്രവാസി വ്യവസായികളെ പങ്കെടുപ്പിച്ച് പ്രത്യേക ബി. ടു ബി മീറ്റും സംഘടിപ്പിക്കും. കോഴിക്കോട് ആസ്ഥാനമായ ഐ.ടി. കമ്പനികളുടെ ഉപഭോക്താക്കളിൽ ഏറേയും പശ്ചിമേഷ്യയിലെ സ്ഥാപനങ്ങളും കമ്പനികളുമാണ്. 
Previous Post Next Post