
കോഴിക്കോട്:മിഠായി തെരുവിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയുമായി നഗരസഭ. മൊയ്‌ദീൻ പള്ളി റോഡിലെ കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നവീകരിക്കാൻ നഗരസഭ നോട്ടിസ് നൽകി. മിഠായി തെരുവിലെ തീപിടുത്തമുണ്ടായ കെട്ടിടത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതായി കോർപ്പറേഷന്റെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മിഠായി തെരുവിലെ കെട്ടിടങ്ങളുടെ കാലപ്പഴക്കം നിശ്ചയിക്കാനും നടപടിയെടുത്തു.
സ്ഥലത്തെ കെട്ടിടങ്ങളിൽ ഇലക്ട്രിക് സംവിധാനങ്ങൾ പരിശോധിക്കാൻ നിദേശം നൽകുമെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച് കച്ചവടക്കാരുടെ യോഗം വിളിക്കും. കോർപ്പറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
കോഴിക്കോട് നഗരത്തില്‍ തീപിടുത്തങ്ങൾ ആവര്‍ത്തിക്കുമ്പോഴും പരിഹാര നടപടികള്‍ എങ്ങുമെത്തുന്നില്ലെന്ന ആരോപണം ഉയർന്ന് വന്നിരുന്നു. അഗ്നിശമന സേന ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കാറുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകാറില്ല. മിഠായി തെരുവുള്‍പ്പെടെ നഗരത്തിലെ പല ഭാഗങ്ങളിലും തീപ്പിടുത്തതിന് സാധ്യത നിലനില്‍ക്കുന്നതായാണ് അഗ്നിശമന സേനയുടെ റിപ്പോര്‍ട്ട്.
മിഠായി തെരുവില്‍ പല കടകളിലും തീപിടിക്കാന്‍ സാധ്യതയുളള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതായി അഗ്നിശമന സേന തയാറാക്കിയ ഫയര്‍ ഓഡിറ്റില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ മിഠായി തെരുവിലുണ്ടായ വന്‍ തീപിടുത്തങ്ങളുടെ പശ്ചാത്തലത്തില്‍ തെരുവ് നവീകരിച്ചെങ്കിലും പ്രതിസന്ധി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല.
Tags:
SM Street