ജില്ലയിൽ സ്ത്രീകളോടു ലൈംഗികാതിക്രമ കേസുകൾ 100 കടന്നു; പോക്സോ കേസുകൾ 234

കോഴിക്കോട്: ജില്ലയിലെ സ്ത്രീ സുരക്ഷയിൽ ആശങ്ക പരത്തി സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾ വർധിക്കുന്നു. സിറ്റി, റൂറൽ പരിധിയിലായി നൂറിലധികം കേസുകളാണ് അടുത്തിടെ റജിസ്റ്റർ ചെയ്തത്. ഈ വർഷം സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം 116 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇ‍ത് 122 ആയിരുന്നു.

അതിക്രമത്തിനെതിരെ ധൈര്യപൂർവം പരാതി നൽകാനും കേസുമായി പോകാനും സ്ത്രീകൾ മുന്നോട്ടു വരുന്നതായി അധികൃതർ പറയുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി ഹെൽപ് ലൈൻ നമ്പറുകളും സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ലഹരി വസ്തുക്കൾ നൽകി ലൈംഗിക അതിക്രമം നടത്തുന്നതും കൂടി വരുന്നു. 31 കേസുകളാണ് ഇങ്ങനെ റജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലും ശ്രദ്ധ വേണമെന്ന് അധികൃതർ പറഞ്ഞു. രാത്രി പട്രോളിങ്ങും നഗര അതിർത്തികളിൽ എഎൻപിആർ (ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ) ക്യാമറകൾ വഴിയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കേസുകൾ ഈ വർഷം സെപ്റ്റംബർ വരെ. ബ്രാക്കറ്റിൽ കഴിഞ്ഞ വർഷം

കോഴിക്കോട് സിറ്റി

ബലാത്സംഗം 54 (61)

പീഡനം 92 (126)

കോഴിക്കോട് റൂറൽ

ബലാത്സംഗം 62 (61)

പീഡനം 145 (275)

ഹെൽപ് ലൈൻ നമ്പർ 1091

വനിത ഹെൽപ് ലൈൻ നമ്പർ 9995399953

234 പോക്സോ കേസുകൾ

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 2726 പോക്സോ കേസുകൾ. കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരമാണിത്. ലോക്ഡൗണിനു ശേഷമാണ് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ടില്ല എന്നതിനാൽ പുറത്തറിയാത്ത കേസുകൾ ഒരുപാടുണ്ടാവും എന്നാണു കൗൺസലർമാരുടെ വിലയിരുത്തൽ. ഇതിൽ 234 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

എഎൻപിആർ ക്യാമറകൾ വഴി വാഹനങ്ങളെയും അതിൽ ഉള്ളവരെയും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. സ്ത്രീ സുരക്ഷയിൽ മാത്രമല്ല എല്ലാ കുറ്റകൃത്യങ്ങളും ഇതിലൂടെ കണ്ടെത്താൻ കഴിയും. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ സമയബന്ധിതമായി കണ്ടെത്താം.

എ.വി.ജോർജ് സിറ്റി പൊലീസ് കമ്മിഷണർ
Previous Post Next Post