ആംഗ്യഭാഷാ പരിശീലന പരിപാടിക്ക് തുടക്കമായി


കോഴിക്കോട്:അന്തര്‍ദേശീയ ആംഗ്യഭാഷാ ദിനാചരണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആംഗ്യഭാഷാപരിശീലനം നല്‍കുന്ന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. പരിശീലനപരിപാടിയുടെ ഉദ്ഘാടനവും ലഘുലേഖപ്രകാശനവും സബ്കലക്ടര്‍ വി.ചെല്‍സസിനി നിര്‍വ്വഹിച്ചു. എല്ലാ ഓഫീസര്‍മാര്‍ക്കും ഇത്തരം പരിശീലനങ്ങള്‍ നല്‍കണം. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്തവര്‍ക്കും പൊതുഇടങ്ങളില്‍ ഇടപെടാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ബധിരരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, ബധിരരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക, പൊതുജനങ്ങളുമായി സുഗമമായ ഇടപെടല്‍ സാധ്യമാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ആംഗ്യഭാഷാദിനം ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ 26 വരെയാണ് വാരാചരണം.

എനേബ്ളിംഗ് കോഴിക്കോട് പദ്ധതിയുമായി ചേര്‍ന്നാണ് പരിശീലനം. വളര്‍ച്ചാ വൈകല്യങ്ങളെ നേരത്തേ കണ്ടെത്തുക, ചികിത്സ പുനരധിവാസ സേവനങ്ങള്‍ സാമൂഹ്യ അധിഷ്ഠിത കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുക, ജില്ലയിലെ മുഴുവന്‍ കെട്ടിടങ്ങളും പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക, ആരോഗ്യം, വിദ്യാഭ്യാസം സാമൂഹ്യക്ഷേമം, അവകാശ സംരക്ഷണം എന്നിവ ഉറപ്പുവരുത്താന്‍ ആവശ്യമായ നൂതന പദ്ധതികളുടെ ഏകോപനം എന്നിവയാണ് എനേബ്ളിംഗ് കോഴിക്കോട് പദ്ധതി ലക്ഷ്യമിടുന്നത്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷറഫ് കാവില്‍ അധ്യക്ഷത വഹിച്ചു. വി സൈന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് എന്ന വിഷയത്തില്‍ എ.കെ.എ.ഡി ജനറല്‍ സെക്രട്ടറി വി.എ യൂസഫ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുമായി ഇടപെടുമ്പോള്‍ ആംഗ്യഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ കാലിക്കറ്റ് എച്ച്.എസ്.എസ് ഫോര്‍ ഹാന്റികാപ്ഡ് പ്രധാനധ്യാപകന്‍ ടി.അബ്ദുല്‍ റസാഖ് തുടങ്ങിയവര്‍ ക്ലാസെടുത്തു.

സി.ആര്‍.സി ഡയറക്ടര്‍ റോഷന്‍ ബിജിലി, സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോസഫ് റെബലോ, കെ.ഡി.എ.ഡി ജനറല്‍ സെക്രട്ടറി എ.സി സിറാജുദ്ദീന്‍, എ.കെ.എ.ഡി വൈസ് പ്രസിഡന്റ് ബി.കെ ഹരിദാസ്, റീഹാബിലിറ്റേഷന്‍ ഓഫീസര്‍ പി.വി ഗോപിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post