മാവൂർ: ഗ്വാളിയോർ റയോൺസ് ഫാക്ടറിക്ക് (ഗ്രാസിം) താഴ് വീണിട്ട് ജൂലൈ ഏഴിന് രണ്ടു പതിറ്റാണ്ട് പൂർത്തിയായി. ഗ്രാസിം ഭൂമിയിൽ ഇനിയെന്ത് എന്ന ചോദ്യം ഇപ്പോഴും ശേഷിക്കുകയാണ്. 1960കളിൽ നാട്ടുകാരിൽനിന്ന് ഏറ്റെടുത്ത് നൽകിയതടക്കം 320 ഏക്കറോളം ഭൂമിയാണ് കാടുമൂടി പ്രയോജനരഹിതമായി കിടക്കുന്നത്. ഭൂമി ഉപയോഗപ്പെടുത്തിയുള്ള സംരംഭങ്ങൾക്കായി പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് ജനങ്ങൾ.
ഗതാഗത രംഗത്തടക്കം അനുകൂല ഘടകങ്ങൾ അനുദിനം വർധിക്കുന്നതാണ് പ്രതീക്ഷ വളർത്തുന്നത്. ഗ്രാസിം വളപ്പിനോട് മുട്ടിയുരുമ്മി എളമരം കടവിൽ പണിയുന്ന പാലം നിർമാണം അവസാന ഘട്ടത്തിലെത്തി. പാലം തുറക്കുന്നതോടെ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ദൂരം വീണ്ടും കുറയും. നിർദിഷ്ട പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് പാതയും ഗുണകരമാകും. 1963ൽ ബിർള ഗ്രൂപ്പിന് കീഴിൽ തുടങ്ങിയ ഫാക്ടറിയിൽ ഉൽപാദനം നിർത്തുന്നത് 1999 മേയ് മാസത്തിലാണ്. 2001 ജൂലൈ ഏഴിന് കമ്പനിക്ക് പൂട്ടുവീണു.
2006 -2008ൽ ഫാക്ടറിക്കകത്തെ യന്ത്രസാമഗ്രികളും കെട്ടിടങ്ങളും പൊളിച്ചുനീക്കി. തുടർന്ന് പുതിയ സംരംഭത്തിനുള്ള സാധ്യത പഠനവും നടന്നു. 2007ൽ ബിർള മാനേജ്മെൻറ് ആദ്യ പദ്ധതിരേഖ സർക്കാറിന് സമർപ്പിച്ചിരുന്നു. ഇലക്ട്രോണിക്സ്, ഐ.ടി, ടൂറിസം മേഖലകളിലെ വ്യവസായങ്ങളാണ് പദ്ധതിയിൽ വെച്ചത്. പ്രത്യേക സോണെന്ന ആശയവും മുന്നോട്ടുവെച്ചിരുന്നു.
ഒമ്പതു തവണ സർക്കാറിന് പദ്ധതികൾ സമർപ്പിച്ചെങ്കിലും എല്ലാം തുടങ്ങിയിടത്തുതന്നെ ഒടുങ്ങുകയായിരുന്നു. തൊഴിൽ നൽകുന്നതും പരിസ്ഥിതിക്കിണങ്ങുന്നതുമായ സംരംഭത്തിനാണ് സർക്കാറിനും ജനങ്ങൾക്കും താൽപര്യം.
എന്നാൽ, തൊഴിലവസരവും നാടിനും നാട്ടുകാർക്കും ഗുണവും വികസന സാധ്യതയും കുറഞ്ഞ സംരംഭങ്ങളാണ് സമർപ്പിക്കപ്പെട്ടവയിലേറെയും. ഭൂമി തിരിച്ചുപിടിച്ച് സർക്കാർ മേഖലയിൽ സംരംഭത്തിനും ആവശ്യമുണ്ട്. ഇതിനുള്ള നീക്കം ബിർള മാനേജ്മെൻറിെൻറ നിയമനടപടിയിൽ മുടങ്ങി.
അക്വയർ ചെയ്തു നൽകിയ 238.41 ഏക്കർ ഭൂമിക്കുപുറമെ ബിർള വിലകൊടുത്ത വാങ്ങിയ 82 ഏക്കറും തിരിച്ചെടുക്കാൻ സാധിക്കുമെന്നായിരുന്നു റവന്യൂ വകുപ്പ് നിലപാട്. 2017ലെ ബജറ്റിൽ മാവൂരിൽ ജപ്പാനീസ് കൊറിയൻ വ്യവസായ ക്ലസ്റ്ററിന് നടപടി ആരംഭിച്ചതായി പ്രഖ്യാപനം വന്നത് പ്രതീക്ഷയുണ്ടാക്കിയിരുന്നു. ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ഇതിെൻറ പ്രവർത്തനങ്ങൾക്കായി 2017ൽ സ്പെഷൽ ഓഫിസറെയും നിയമിച്ചു. 2017 മാർച്ച് 17ന് വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പുതിയ പദ്ധതിയുടെ സാധ്യത പഠനത്തിനായി കേരള ഇൻഡസ്ട്രിയൽ െഡവലപ്മെൻറ് കോർപറേഷനെ ചുമതലപ്പെടുത്തിയതാണ്. നീക്കങ്ങളെല്ലാം പാളുമ്പോഴും നാട്ടുകാർ പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല.
സാമൂഹികദ്രോഹികൾക്കും കാട്ടുപന്നികൾക്കുമൊരു താവളം
മാവൂർ: ഗ്രാമ പഞ്ചായത്തിെൻറ ഹൃദയഭാഗത്ത് ആകെ വിസ്തൃതിയുടെ നല്ലൊരു ശതമാനം പ്രദേശമാണ് കാടുമൂടി കിടക്കുന്നത്. ഫാക്ടറി കെട്ടിടങ്ങൾ 2008ൽ പൊളിച്ചുനീക്കിയെങ്കിലും അടച്ചുറപ്പില്ലാത്ത ക്വാർട്ടേഴ്സുകൾ ഇപ്പോഴുമുണ്ട്. രണ്ടും അതിലധികവും നിലകളുള്ള 40 ഓളം ക്വാർട്ടേഴ്സ് കെട്ടിടങ്ങളാണ് നശിക്കുന്നത്. വ്യാജവാറ്റ്, മദ്യം, മയക്കുമരുന്ന്, ശീട്ടുകളി സംഘങ്ങളുടെയും സാമൂഹികദ്രോഹികളുടെയും വിഹാരമാണ് പലതിലും. കഴിഞ്ഞ ദിവസം സിറ്റി കമീഷണറുടെ നിർദേശപ്രകാരം നടത്തിയ സുരക്ഷ പരിശോധനയിൽ ആറുപേരെ പിടികൂടിയിരുന്നു.
മാവൂരിലും പരിസരത്തും കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നികൂട്ടവും പ്രദേശം കേന്ദ്രമാക്കുന്നു. തെരുവുനായ്ക്കളുമുണ്ട്. പൊളിച്ചുനീക്കാത്ത കെട്ടിടങ്ങളും വെട്ടിത്തെളിക്കാത്ത കാടും മാവൂരിന്റെ ഉറക്കംകെടുത്തുകയാണ്.
നിയമസഭയിൽ ചർച്ചയാക്കും –പി.ടി.എ. റഹീം എം.എൽ.എ
മാവൂർ: ഗ്രാസിം ഭൂമി ഉപയോഗപ്പെടുത്തുന്നതുസംബന്ധിച്ച് അടുത്ത നിയമസഭ സമ്മേളനത്തിൽ സബ്മിഷൻ കൊണ്ടുവരുമെന്ന് പി.ടി.എ. റഹീം എം.എൽ.എ. പലതവണ നിയമസഭയിൽ വിഷയം ഉന്നയിച്ചതാണ്. ബിർള മാനേജ്മെൻറ് പരിസ്ഥിതി സൗഹൃദവും തൊഴിൽദായകവുമായ പ്രോജക്ട് കൊണ്ടുവന്നാൽ സർക്കാർ പിന്തുണക്കും. എന്നാൽ, അത്തരം നല്ല പ്രോജക്ടുകളൊന്നും വന്നില്ല. ഭൂമിയിൽ ഫ്ലാറ്റുണ്ടാക്കിയോ തുണ്ടമാക്കിയോ വിൽക്കാനുള്ള നീക്കം മാനേജ്മെൻറ് നടത്തുന്നുണ്ട്. ഇത്തരം പ്ലാനുകൾ സർക്കാറിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. നാട്ടുകാരിൽനിന്ന് അക്വയർ ചെയ്തെടുത്ത ഭൂമി അത്തരത്തിൽ കൈമാറാൻ സർക്കാർ അനുവദിക്കില്ല. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്ത സാഹചര്യത്തിൽ നിയമപരമായി ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. കെട്ടിടവും ഭൂമിയും സാമൂഹികദ്രോഹികളുടെയും ക്ഷുദ്രജീവികളുടെയും താവളമാണിന്ന്. ഭൂമി സംബന്ധിച്ച പ്രശ്നം തീർക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈകോടതിയിൽ സർക്കാർ റിട്ട് ഫയൽ ചെയ്തിരുന്നു. ബിർള മാനേജ്മെൻറ് അതിന് മറുപടി തന്നിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു.