
ബേപ്പൂർ: ബേപ്പൂർ-ചാലിയം ജങ്കാർസർവീസ് വീണ്ടും സ്തംഭിച്ചു. ജെട്ടി പുനർനിർമിക്കുന്നതിലുണ്ടായ കാലതാമസത്തെത്തുടർന്ന് കഴിഞ്ഞ മേയ് തൊട്ട് സ്തംഭിച്ച ജങ്കാർസർവീസ് ഏതാനും ദിവസംമുമ്പാണ് പുനരാരംഭിച്ചത്. ബേപ്പൂർഭാഗത്തെ ജങ്കാർജെട്ടി പുനർനിർമിച്ചതിൽവന്ന പിഴവാണ് സർവീസ് നിലയ്ക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ അടിഭാഗം ജെട്ടിയിൽതട്ടി ജങ്കാർ ഓടിക്കാൻ പറ്റാതെവന്നു. പക്ഷേ, ജങ്കാർ സർവീസ് സ്തംഭിച്ച വിവരം യാത്രക്കാരെ അധികൃതർ അറിയിക്കാതെ വന്നതിനാൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഒട്ടേറെ യാത്രക്കാർ ഇരുകരകളിലുമുള്ള ജെട്ടിയിലെത്തി വലയുകയായിരുന്നു. ബേപ്പൂരിൽനിന്ന് കടലുണ്ടി, ചാലിയം, പരപ്പനങ്ങാടി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ഒടുവിൽ പതിനൊന്ന് കിലോമീറ്റർ അധികദൂരം സഞ്ചരിച്ചാണ് കരുവൻതുരുത്തി വഴി ലക്ഷ്യസ്ഥാനത്തെത്തിയത്. ബേപ്പൂർഭാഗത്തേക്ക് വരേണ്ട യാത്രക്കാർക്കും ഇതായിരുന്നു ഗതി. അഞ്ചുമിനിറ്റുകൊണ്ട് ഇരുകരകളിലും എത്തിപ്പെടാവുന്ന, നോക്കിയാൽ കാണുന്ന പ്രദേശമാണ് ബേപ്പൂർ-ചാലിയം പ്രദേശങ്ങൾ. ഇനി എന്ന് ജങ്കാർ സർവീസ് പുനരാരംഭിക്കുമെന്ന് വ്യക്തതയില്ല.
Tags:
Beypore Port