ചാലിയാർ
മാവൂർ: പോലീസിന്റെ പരിശോധന നിലച്ചതോടെ ചാലിയാറിലും ചെറുപുഴയിലും വ്യാപക മണൽക്കൊള്ള. പുഴയിൽനിന്ന് ശേഖരിക്കുന്ന മണൽ രാത്രിമുതൽ പുലർച്ചെവരെ നിർബാധം കടത്തുകയാണ്. മാവൂർ പഞ്ചായത്തിലായിരുന്നു ഏറ്റവും കൂടുൽ മണൽപ്പാതാറുകൾ ഉണ്ടായിരുന്നത്. മാവൂരിലെ കടവുകളിൽത്തന്നെയാണ് ഏറ്റവും കൂടുതൽ മണൽക്കൊള്ള നടക്കുന്നതും. ചാലിയാറിൽ മണൽവാരൽ നിരോധനം നിലവിൽവന്നതോടെ പാതാറുകൾ ഗ്രാമപ്പഞ്ചായത്തുകൾ തൂണുസ്ഥാപിച്ച് ചങ്ങലയുപയോഗിച്ച് പൂട്ടിയിരുന്നു.
എന്നാൽ, ഈ തൂണും ചങ്ങലകളും തകർത്താണ് ഇവിടെനിന്ന് മണൽക്കൊള്ള നടത്തുന്നത്. പാതാറുകളിൽ തകർക്കപ്പെട്ട ചങ്ങലകൾക്കുപകരം സംവിധാനം ഏർപ്പെടുത്തി മണൽക്കൊള്ള തടയാൻ ഇതുവരെ ഗ്രാമപ്പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. നദികളിൽനിന്ന് ഇങ്ങനെ ശേഖരിക്കുന്ന മണൽ നേരത്തേ ഇടറോഡിലൂടെയും ഊടുവഴികളിലൂടെയുമാണ് കടത്തിയിരുന്നതെങ്കിൽ ഇപ്പോൾ പ്രധാന റോഡിലൂടെയും കൊണ്ടുപോകുന്നു. കർശനപരിശോധനയിെല്ലന്ന ധൈര്യത്തിലാണ് വൻതോതിൽ മണൽക്കൊള്ള നടക്കുന്നത്.
രാത്രിയിൽ പോലീസിന്റെ ശ്രദ്ധകുറഞ്ഞതും മണൽക്കടത്ത് വ്യാപകമാകാൻ കാരണമായി. മുമ്പ് കൺട്രോൾറും പോലീസിന്റെയും മാവൂർ, മെഡിക്കൽ കോളേജ് പോലീസിന്റെയും രാത്രികാല പരിശോധനയുള്ള സമയത്ത് മണൽകടത്ത് കുറഞ്ഞിരുന്നു. ഇപ്പോൾ പരിശോധനയില്ലാത്തതിനാൽ കടത്ത് വ്യാപകമായിരിക്കയാണ്.
പോലീസ് വാഹനത്തിന്റെ സഞ്ചാരദിശ മനസ്സിലാകാനും വിവരങ്ങൾ കൈമാറാനും പ്രത്യേക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് മണൽക്കടത്ത് നടക്കുന്നത്. പുഴയുടെ തീരത്തെ കുറ്റിക്കാടുകൾക്കിടയിലാണ് മണലൂറ്റാൻ ഉപയോഗിക്കുന്ന തോണികളും ഉപകരണങ്ങളും ഒളിപ്പിച്ചുവെക്കുന്നത്. ഇതിനുമുമ്പ് പുഴയിൽ ബോട്ടുപയോഗിച്ചുള്ള പരിശോധനയിലൂടെ തോണികളും ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ഇതുവഴി ഒരു പരിധിവരെ മണൽകൊള്ള തടയാൻ സാധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ചാലിയാറിൽ മണൽത്തോണികൾ പിടിച്ചെടുത്തുനശിപ്പിക്കാൻപോലും പോലീസ് മുതിരുന്നില്ല.
മാവൂരിലെ മിക്കകടവുകളിലും അനധികൃത മണലൂറ്റ് വ്യാപകമാണെന്നും ഇത് തടയാൻ പോലീസിന്റെയോ പഞ്ചായത്തിന്റെയോ ഭാഗത്തുനിന്ന് നടപടിയുണ്ടാവുന്നില്ലെന്നും നാട്ടുകാർ പറയുന്നു. അഞ്ചുവർഷംമുമ്പ് നിലച്ചുപോയ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതമാർഗവും ഗ്രാമപ്പഞ്ചായത്തിന്റെ പ്രധാന വരുമാനമാർഗവുമായ മണലൂറ്റ് ജോലി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരുടെ കനിവിനായി കാത്തിരിക്കുമ്പോഴാണ് അധികൃതരുടെ കൺമുന്നിലൂടെയുള്ള ഈ വൻമണൽക്കൊള്ള നടക്കുന്നത്. രാത്രിയുടെ മറവിലുള്ള മണൽക്കൊള്ള കാരണം പുഴയോരം ഇടിഞ്ഞ് വീടുകൾക്ക് നാശനഷ്ടം സംഭവിക്കുമെന്ന ഭീതിയിലാണ് പുഴയോരനിവാസികൾ.
Tags:
River