
കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗം നടന്ന ലോഡ്‍ജ് പൊലീസ് അടച്ചുപൂട്ടി. പ്രതികൾക്ക് ലോഡ്‍ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശവാസികളില്‍ നിന്നടക്കം പീഡനം നടന്ന ലോഡ്‍ജിനെതിരെ പ്രതിഷേധം ശക്തമാണ്. ലോഡ്‍ജിന്‍റെ ലെഡ്ജർ പിടിച്ചെടുത്ത് പരിശോധിച്ചതില്‍ സംശയാസ്പദമായ രീതിയിലാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും വ്യക്തമായി.
ഈ സാഹചര്യത്തിലാണ് പൊലീസ് ലോഡ്‍ജ് അടച്ചുപൂട്ടിയത്. ഇന്ന് അറസ്റ്റിലായ മൂന്നും നാലും പ്രതികളെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ബിജെപി പ്രവർത്തകരുടെ പ്രതിഷേധവുമുണ്ടായി. രാവിലെ യൂത്ത് കോൺഗ്രസും ലോഡ്‍ജിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. സമാന സംഭവങ്ങൾ മുൻപും ലോഡ്‍ജില്‍ നടന്നിട്ടുണ്ടെന്നും പരാതി നല്‍കിയിട്ടും അധികൃതർ കാര്യമായ നടപടിയെടുത്തില്ലെന്നുമാണ് ഉയരുന്ന ആരോപണം.
ഒളിവില്‍ കഴിയുകയായിരുന്ന ലിജാസിനെയും ഷുഹൈബിനെയും തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് രാവിലെ പൊലീസ് പിടികൂടിയത്. ഒന്നും രണ്ടും പ്രതികളായ അജ്നാസും ഫഹദും ഇന്നലെ അറസ്റ്റിലായിരുന്നു. ഇതോടെ ഇതുവരെ കേസിൽ പ്രതിചേർത്ത നാലുപേരും അറസ്റ്റിലായി. പ്രതികളെല്ലാം അത്തോളി സ്വദേശികളാണ്. കേസില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്ക് പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Tags:
Crime