നിപയിൽ കൂടുതൽ ആശ്വാസം; 20 പേരുടെ ഫലം കൂടി നെഗറ്റീവ്, ആദ്യ ഘട്ട മൃഗ സാമ്പിളുകളും നെഗറ്റീവ്


തിരുവനന്തപുരം: നിപയിൽ കൂടുതൽ ആശ്വാസമായി പുതിയ പരിശോധന ഫലങ്ങൾ. സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും പരിശോധന ഫലവും നെഗറ്റിവാണ്. വൈറസ് ബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രദേശത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ യാതൊരു അയവും വരുത്താനായിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

വൈകുന്നേരത്തോടെ വന്ന ഇരുപത് പേരുടെ ഫലം കൂടി നെഗറ്റിവ് ആയത് ആരോഗ്യ വകുപ്പിന് ഏറെ ആശ്വാസമാവുകയാണ്. ഇതില്‍ 2 എണ്ണം എന്‍.ഐ.വി. പൂനയിലും 18 എണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ ആകെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച 22 ആടുകളുടെയും വവ്വാലുകളുടെ യും സാമ്പിൾ പരിശോധനാഫലവും ഇന്ന് വൈകിട്ടോടെ നെഗറ്റീവായി. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് സാമ്പിൾ പരിശോധിച്ചത്.

സ്ഥിതി നിയന്ത്രണ വിധേയമെങ്കിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവു വരുത്താനായിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. അതിനിടെ, കൂടുതൽ പരിശോധനക്കായി പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം ചാത്തമംഗലത്തെത്തി വവ്വാലുകളെ പിടിച്ചു. കഴിഞ്ഞ ദിവസമാണ് വനം വകുപ്പും വിദഗ്ദ സംഘവും ചേർന്ന് വവ്വാലുകളെ പിടിക്കുന്നതിനായി കൂട് സ്ഥാപിച്ചത്. രോഗ പരിശോധനയുടെ ഭാഗമായി ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Previous Post Next Post