വഴിമുടക്കിയ വാഹനങ്ങൾ മാറ്റിത്തുടങ്ങി



വടകര: വർഷങ്ങളായി റെയിൽവേ സ്റ്റേഷൻ റോഡിൽ നിർത്തിയിട്ട കേസിലകപ്പെട്ട വാഹനങ്ങൾ മാറ്റുന്നതിലുള്ള നടപടികൾ ആരംഭിച്ചു. റെയിൽവേ സ്റ്റേഷൻ ശുചീകരണത്തിന്റെ ഭാഗമായാണ് കേരള പോലീസും റോട്ടറി ക്ലബ്ബും സഹകരിച്ച് വാഹനങ്ങൾ മാറ്റുന്നത്. റെയിൽവേ സ്റ്റേഷൻ റോഡിൽ വടകര പോലീസ് സ്റ്റേഷന് സമീപം പലപ്പോഴായി പിടിച്ചെടുത്ത വാഹനങ്ങൾ റോഡിന്റെ സ്ഥലം അപഹരിച്ച് കാടുപിടിച്ചുകിടക്കുകയായിരുന്നു. കാൽനടയാത്രക്കാർക്കും ഇതിലേ കടന്നുപോവുന്ന വാഹനങ്ങൾക്കും പ്രയാസമുണ്ടാക്കുന്ന വാഹനങ്ങൾ റോഡരികിൽക്കിടന്ന് നശിക്കുകയാണ്.

അനധികൃത മണൽക്കടത്ത് ഉൾപ്പെടെ വിവിധ നിയമലംഘനങ്ങൾക്ക് പിടികൂടിയ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങളാണ് കാടുമൂടി തുരുമ്പെടുത്ത് കിടന്നിരുന്നത്. ഇത്തരം വാഹനങ്ങൾ ഇഴജന്തുക്കൾ താവളമാക്കി സമീപങ്ങളിലെ വീട്ടുകാർക്ക് ബുദ്ധിമുട്ടാവുന്നതായും പരാതിയുണ്ടായിരുന്നു. റോഡിൽ വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ പോലീസിന്റെ അധീനതയിലുള്ള മറ്റൊരു സ്ഥലത്തേക്ക് നീക്കിത്തുടങ്ങി.

ഇതോടനുബന്ധിച്ച് സ്റ്റേഷൻപരിസരത്ത് നടന്ന ചടങ്ങ് വടകര പോലീസ് ഇൻസ്പെക്ടർ കെ.കെ. ബിജു ഉദ്ഘാടനം ചെയ്തു. ടൗൺ റോട്ടറി പ്രസിഡന്റ് ഇ.എം. ചന്ദ്രഹാസൻ അധ്യക്ഷനായി. ചടങ്ങിൽ വടകര റോട്ടറി പ്രസിഡന്റ് പി. പ്രമോദ്, എം. പ്രകാശ്, രാജ് കുമാർ, പി.പി. രാജൻ, റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട്‌ വൽസലൻ കുനിയിൽ, മണലിൽ മോഹനൻ, സെൻട്രൽ റോട്ടറി പ്രസിഡന്റ് നാരായണൻ എന്നിവർ സംസാരിച്ചു.
Previous Post Next Post