ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലകളിൽ കൂടുതൽ ജാഗ്രത


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഉച്ചയ്ക്ക് ശേഷമാകും മഴ കിട്ടുക. വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. അതീവ ജാഗ്രത തുടരണം എന്നാണ് സർക്കാർ നിർദേശം. തുലാവർഷം ചൊവ്വാഴ്ച എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് ഈ ദിവസങ്ങളിൽ മഴ ശക്തമാകാൻ കാരണം. നിലവിൽ കന്യാകുമാരി തീരത്ത് ഉള്ള ചക്രവാതച്ചുഴി രണ്ടു ദിവസത്തിനുള്ളിൽ തീർത്തും ദുര്ബലമാകും. ചൊവ്വാഴ്ചയോടെ തുലാവർഷം എത്തുമെന്നും കാലവർഷം പൂർണമായും പിൻവാങ്ങുകയും ചെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്നത് നിമിത്തമാണ് നടപടിയെന്ന് ജില്ല ഭരണകൂടം അറിയിച്ചു. റൂൾ കർവ് അനുസരിച്ചാണ് അലർട്ടിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഡാമിൽ നിലവിൽ ജലനിരപ്പ് 2398.30 അടി ആണ്.
Previous Post Next Post