തീയേറ്റർ തുറക്കാനുള്ള കാത്തിരിപ്പിൽ ആരാധകർ; ഇന്ന് തീയേറ്റർ ഉടമകളുമായി സർക്കാർ ചർച്ച നടത്തും

തിരുവനന്തപുരം: തീയേറ്റർ  തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിക്ക് ഓൺലൈനായാണ് ചർച്ച. വിനോദ നികുതിയിൽ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങൾ തീയേറ്റർ ഉമകൾ മുന്നോട്ട് വയ്ക്കും. തിങ്കളാഴ്ച മുതലാണ് സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നത്. 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം മൾട്ടിപ്ലക്സ് ഉൾപ്പടെ എല്ലാ തീയറ്ററുകളും തുറക്കാനാണ് ധാരണ.


എന്നാൽ, തീയേറ്റർ തുറക്കാൻ കാത്തിരിക്കുന്ന ആരാധകരെ നിരാശയിലാഴ്ത്തി മോഹൻലാൽ-പ്രിയദർശൻ കൂട്ടിക്കെട്ടിലുള്ള ചിത്രം മരക്കാർ അറബിക്ക‌ടലിന്റെ സിംഹം ഒടിടി റിലീസ് ആകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നു. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ 2020 മാര്‍ച്ച് 26ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ റിലീസ് കൊവിഡ് സാഹചര്യത്തില്‍ പലവട്ടം മാറ്റിവെക്കേണ്ടിവന്നിരുന്നു.


മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ 'മരക്കാര്‍' ഉടന്‍ തിയറ്ററുകളിലേക്ക് എത്തില്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ മൂന്നാഴ്ച മുന്‍പ് പറഞ്ഞിരുന്നു. തിയറ്റര്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെയായിരുന്നു അത്. 50 ശതമാനം പ്രവേശനം നഷ്‍ടമുണ്ടാക്കും എന്നതിനാലാണ് ഈ തീരുമാനമെന്നും അന്ന് അദ്ദേഹം പറഞ്ഞു.


അതേസമയം, 'മരക്കാര്‍' ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. "ഇതുവരെ ഇങ്ങനെയൊരു റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടില്ല. ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കേണ്ടവര്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവോ മോഹന്‍ലാലോ ആണ്", പ്രിയദര്‍ശന്‍ 'ഒടിടി പ്ലേ'യോട് പറഞ്ഞു.

Previous Post Next Post