17-ാമത് ഓള്‍ കേരള റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പ് 30 മുതല്‍ കോഴിക്കോട്ട്


കോഴിക്കോട്: പതിനേഴാമത് ഓള്‍ കേരള റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 30,31 തിയ്യതികളില്‍ കോഴിക്കോട് നടക്കും. പന്തീരാങ്കാവ് ഓക്സ്ഫോര്‍ഡ് സ്‌കൂളാണ് വേദി. 30ന് രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ റോള്‍ ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജീഷ് വെണ്‍മരത്ത് അദ്ധ്യക്ഷത വഹിക്കും.

കേരള റോള്‍ ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജെ. രാജ്മോഹന്‍ പിള്ള, സെക്രട്ടറി സജി.എസ്, ട്രഷറര്‍ എ.നാസര്‍, റോള്‍ ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഒബ്സര്‍വര്‍ സ്റ്റീഫന്‍ ഡേവിഡ്, കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റോയ് ജോണ്‍, ഓക്സ്ഫോര്‍ഡ് സ്‌കൂള്‍ മാനേജര്‍ ഷാജഹാന്‍ ജി.എം എന്നിവര്‍ സംസാരിക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ ഷാജേഷ്.കെ. സ്വാഗതവും കോഴിക്കാട് ജില്ലാ റോള്‍ ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ വേണുഗോപാല്‍ ഇ.കെ.നനന്ദിയും പറയും. സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. 26 ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ നിന്ന് ഓരോ ടീമുകള്‍ വീതം ഒരോ ജില്ലയെയും പ്രതിനിധീകരിച്ച് പങ്കെടുക്കും. 20 മിനിറ്റാണ് ഒരു മാച്ചിന്റെ സമയ ദൈര്‍ഘ്യം. റോള്‍ ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഒബ്സര്‍വരുടെ നിരീക്ഷണത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക. 30ന് സബ് ജൂനിയര്‍ വിഭാഗം മത്സരങ്ങളും 31ന് ജൂനിയര്‍ വിഭാഗം മത്സരങ്ങളും നടക്കും.

റോള്‍ ബോള്‍ സംസ്ഥാന മത്സരങ്ങള്‍ക്ക് ആദ്യമായാണ് കോഴിക്കോട് വേദിയാകുന്നത്. കൊവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാനത്ത് റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടന്നിരുന്നില്ല. ഏറ്റവും ഒടുവില്‍ മത്സരം നടന്നത് തിരുവനന്തപുരത്താണ്. ഒളിമ്പിക് അസോസിയയേഷന്‍ ഈയിടെ റോള്‍ ബോള്‍ മത്സരങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. അടുത്ത ഒളിമ്പിക്സില്‍ റോള്‍ ബോള്‍ മത്സര ഇനമായിരിക്കും. ഒളിമ്പിക്സ് അസോസിയേഷന്റെ അംഗീകാരം ലഭിച്ച ശേഷം നടക്കുന്ന ആദ്യ സംസ്ഥാന മീറ്റാണ് കോഴിക്കോട്ടേത്. മത്സരത്തിലെ മികച്ച താരങ്ങളെ ദേശിയ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ റോള്‍ ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജീഷ് വെണ്‍മരത്ത്, സെക്രട്ടറി ദിവഷ് പലേച്ച, സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ ഷാജേഷ് കുമാര്‍, അഡ്വ.ഷാംജിത് ഭാസ്‌കര്‍ എന്നിവര്‍ പങ്കെടുത്തു.


Previous Post Next Post