കരിപ്പൂർ:നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കുമിടയിലും കോഴിക്കോട് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളുടെ നിരയിൽ. സെപ്റ്റംബറിലെ കണക്കനുസരിച്ചു രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനം കരിപ്പൂരിനുണ്ട്. കൊച്ചിയാണ് മൂന്നാമത്. ഡൽഹിയാണ് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വിമാനത്താവളം. ഡൽഹി (4.61 ലക്ഷം), മുംബൈ (2.35 ലക്ഷം), കൊച്ചി (1.94 ലക്ഷം), കോഴിക്കോട് (1.19 ലക്ഷം) എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്.
തിരുവനന്തപുരം (85,919) ഏഴാമതും കണ്ണൂർ (50,599) ഒൻപതാമതുമായി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആദ്യ പത്തിൽ കേരളത്തിലെ നാലു വിമാനത്താവളങ്ങൾ ഇടം നേടി എന്നതും ശ്രദ്ധേയമാണ്. കോവിഡ് കാലമായതോടെ വിമാനങ്ങൾക്കു നിയന്ത്രണമുണ്ട്. വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങളുടെ സർവീസ് കരിപ്പൂരിൽ നിർത്തുകയും ചെയ്തു. ലാഭത്തിൽ കുറവു വന്നിട്ടുണ്ടെങ്കിലും വരുമാനക്കണക്കിൽ കോഴിക്കോട് മെച്ചപ്പെട്ടിട്ടുണ്ട്.
നിലവിൽ 40-42 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. കോവിഡ് നിയന്ത്രണം തുടങ്ങും മുൻപ് 60നു മുകളിലായിരുന്നു വിമാനങ്ങൾ. ഒക്ടോബറിൽ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിൽ കരിപ്പൂരിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നുണ്ട്. ഗൾഫ് നാടുകളിലേക്കാണു കൂടുതൽ വിമാന സർവീസുകൾ ഉള്ളത്. സൗദിയിലേക്കു നേരിട്ടു വിമാന സർവീസുകൾ ആരംഭിക്കാത്തതിനാൽ യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽ ഇറങ്ങിക്കയറിയാണു പോകുന്നത്. ജിദ്ദയിലേക്കു നേരിട്ട് സർവീസ് ആരംഭിച്ചാൽ വലിയ നേട്ടമാകും കരിപ്പൂരിനുണ്ടാകുക.