കോഴിക്കോട്:സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന ആശയം പ്രാവർത്തികമാക്കിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) ജല വൈദ്യുതോത്പാദന രംഗത്തേക്ക്. സിയാലിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതി നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രത്തിന് സമർപ്പിക്കും. കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഞ്ഞിപ്പുഴയിലാണ് സിയാൽ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചതാണ് പദ്ധതി.
4.5 മെഗാവാട്ടാണ് ശേഷി. 32 സ്ഥലമുടമകളിൽനിന്നായി അഞ്ച് ഏക്കർ സ്ഥലം സിയാൽ ഏറ്റെടുത്തു. ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടി അവിടെ നിന്ന് അര കിലോമീറ്റർ അകലെയുള്ള അരിപ്പാറ പവർഹൗസിലേക്ക് പെൻസ്റ്റോക്ക് കുഴൽ വഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. 52 കോടി രൂപയാണ് ചെലവിട്ടത്.
പുനരുപയോഗ സാധ്യതയില്ലാത്ത ഊർജ സ്രോതസ്സുകളിന്മേലുള്ള ആശ്രയം കുറയ്ക്കാൻ ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികൾക്കാകുമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.