സിനിമകളില്ല... തിയേറ്ററുകൾ തുറക്കുന്നത് വൈകും


കോഴിക്കോട്: കോവിഡ് വ്യാപനത്തെത്തുടർന്ന് മാസങ്ങളായി അടച്ചിട്ട തിയേറ്ററുകൾ തുറക്കാൻ തിങ്കളാഴ്ച മുതൽ അനുമതിയുണ്ടെങ്കിലും സിനിമകളെത്താത്തതിനാൽ തുറക്കുന്നത് വൈകും. പുതിയ സിനിമകൾ റിലീസിങ്ങിനെത്താത്തതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിലായിരിക്കും ജില്ലയിലെ തിയേറ്ററുകൾ തുറക്കുന്നത്. മാസങ്ങൾക്കുശേഷം തിയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ഏത് സിനിമയാണ് പ്രദർശനത്തിനെത്തിക്കുകയെന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ലെന്ന് തിയേറ്റർ ഉടമകൾ പറയുന്നു.

ആദ്യ കോവിഡ് വ്യാപനത്തിനുശേഷം 2021 ജനുവരിയിലാണ് തിയേറ്ററുകൾ തുറന്നത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ മൂന്ന് മാസങ്ങൾക്ക് ശേഷം ഏപ്രിൽ 23-ന് തിയേറ്ററുകൾ വീണ്ടും അടയ്ക്കേണ്ടിവന്നു.

ഇപ്പോൾ സർക്കാർ അനുമതി നൽകിയപ്പോൾ തിയേറ്റർ ഉടമകൾ വീണ്ടും പ്രതീക്ഷയിലാണ്. വാക്സിനേഷൻ വേഗത്തിലായതും കോവിഡ് വ്യാപനം കുറഞ്ഞതും കാരണം സിനിമകാണാൻ പ്രേക്ഷകർ തിയേറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. തിങ്കളാഴ്ച സിനിമകൾ എത്താത്തതിനാൽ തിയേറ്ററുകളിൽ പ്രദർശനമുണ്ടാകില്ലെന്നും ബുധൻ, വ്യാഴം ദിവസങ്ങളിൽ ചില തിയേറ്ററുകളിൽ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള സിനിമകൾ പ്രദർശിപ്പിക്കുമെന്നും കേരള സ്റ്റേറ്റ് സിനിമാ തിയേറ്റർ ലേബർ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് പി.എം. മോഹൻദാസ് പറഞ്ഞു.

തിയേറ്ററുകളിൽ കോവിഡ് മാനദണ്ഡം പാലിച്ചുമാത്രമേ പ്രദർശനം നടത്തുകയുള്ളുവെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു. അതിനുള്ള ഒരുക്കങ്ങൾ ദിവസങ്ങൾക്കുമുന്പുതന്നെ തുടങ്ങിയിട്ടുണ്ട്. മാസങ്ങളായി അടച്ചിട്ടതിനാൽ തിയേറ്ററിലെ സീറ്റുകൾക്കും മെഷീനുകൾക്കുമെല്ലാം കേടുപാട് സംഭവിച്ചിരുന്നു.


എന്നാൽ ഇവ അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്. പുതിയ സിനിമകൾ റിലീസിങ്ങിനെത്തുന്നത് എന്നാണ് എന്നുള്ളതിനെക്കുറിച്ച് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സും അറിയിച്ചിട്ടില്ല. ദീപാവലിയോടനുബന്ധിച്ച് കുറച്ച് മലയാളം സിനിമകൾ തിയേറ്ററിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ദീപാവലിക്കുശേഷം മാത്രമേ തിയേറ്ററുകൾ പൂർവസ്ഥിതിയിലാകുകയുള്ളൂവെന്നും തിയേറ്റർ ഉടമകൾ പറയുന്നു.

Previous Post Next Post