ഉത്രവധക്കേസിൽ സൂരജിന് ഇരട്ടജീവപര്യന്തം: പ്രായം പരിഗണിച്ച് തൂക്കുകയർ ഒഴിവാക്കി കോടതി


അടൂർ:കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസിൽ ഒടുവിൽ അപ്രതീക്ഷിത വിധി. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.

അഞ്ചൽ സ്വദേശിനി ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിലാണ് ഭർത്താവ് സൂരജിന് കോടതി ഇരട്ടജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അസി. ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് എം.മനോജാണ് വിധി പ്രസ്താവിച്ചത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകമാണ് ഉത്രക്കേസ് ശിക്ഷവിധി പ്രസ്താവിച്ചു ജഡ്ജി പക്ഷേ സൂരജിൻ്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചും ഇരട്ടജീവപര്യന്തം ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. 

വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
Previous Post Next Post