ജില്ലയിൽ അമ്മത്തൊട്ടിൽ നിർമ്മാണപ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ജില്ലാവികസന സമിതി


കോഴിക്കോട്:ജില്ലയിൽ അമ്മത്തൊട്ടിൽ നിർമ്മാണപ്രവൃത്തി ഉടൻ ആരംഭിക്കാൻ ജില്ലാവികസന സമിതി യോഗത്തിൽ നിർദ്ദേശം. നിർമ്മാണത്തിനായി 20.23 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയറിൽ നിന്നും സാങ്കേതിക  അനുമതി ലഭ്യമായിട്ടുണ്ട്. സർക്കാർ ഡി.എസ്.ആർ നിരക്ക് പുനർ നിർണയിച്ചതിനാൽ പുതുക്കിയ നിരക്ക് പ്രകാരമുള്ള പ്രപ്പോസൽ ഉടൻ സമർപ്പിക്കുമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു.

മറ്റ് തീരുമാനങ്ങൾ

ലൈഫ് മിഷൻ സർവ്വേയുമായി ബന്ധപ്പെട്ട് മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ജില്ലാകലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഢി പറഞ്ഞു.

ചെറുപ്ലാഡ് വനഭൂമി ഭൂപ്രശ്നം സംബന്ധിച്ച് കൊടിയത്തൂർ വില്ലേജിലെ കൈവശക്കാർ ഇല്ലാത്ത 80 ഏക്കർ മിച്ചഭൂമിയിൽ നിന്ന് 35 ഏക്കർ മിച്ചഭൂമി കണ്ടെത്തി സ്കെച്ച് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് ലാൻ്റ് റവന്യൂ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

മാനാഞ്ചിറ വെള്ളിമാട് കുന്ന് റോഡ് ഭൂമിയേറ്റെടുക്കൽ പ്രവർത്തിയോടനുബന്ധിച്ച്  രജിസ്ട്രേഷന് അയച്ച 55 ആധാരങ്ങളിൽ 23 എണ്ണത്തിൻ്റെ രജിസ്ട്രേഷൻ നടന്നതായി ലാൻ്റ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. എസ്.എ.എസ് സ്റ്റഡി റിപ്പോർട്ട് ലഭ്യമാക്കി എക്സ്പേർട്ട് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

ഗവ. മെഡിക്കൽ കോളേജിൽ ഒരു ഓക്സിജൻ ജനറേറ്റർ പ്ലാന്റിന്റെ പ്രവർത്തി പൂർത്തിയായതായും രണ്ടാമത്തെ പ്ലാന്റിന്റെ പ്രവർത്തി ആരംഭിച്ചതായും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. ടൗടെ ചുഴലിക്കാറ്റിൽ തകർന്ന തീരദേശ പഞ്ചായത്തുകളിലെ റോഡ് പ്രവർത്തിക്ക് ഫണ്ട് ലഭ്യമാക്കുന്നതിനായി റവന്യൂ വകുപ്പിലേക്ക് എസ്റ്റിമേറ്റ് നൽകിയിട്ടുണ്ട്. ഇവ ലഭ്യമാകുന്ന മുറക്ക് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കും.

ബീച്ച് ഹോസ്പിറ്റൽ മാസ്റ്റർപ്ലാൻ പ്രവർത്തിക്കായി റിവൈസ്ഡ് പ്ലാനും എസ്റ്റിമേറ്റും കിഫ്‌ബിയുടെയും ആരോഗ്യ വകുപ്പിന്റെയും അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. വയലട - നമ്പികുളം ടൂറിസം പദ്ധതിയിൽ ഇലക്ട്രിക്കൽ പ്രവർത്തിയുടെ ഭാഗമായി സിംഗിൾ ഫേസ് കണക്ഷൻ സ്ഥാപിക്കുമെന്നും കൂടുതൽ ഫണ്ട് ലഭ്യമാകുന്ന മുറക്ക് ത്രീഫേസ് കണക്ഷൻ ലഭ്യമാക്കുമെന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

എം. എൽ.എമാരായ പി. ടി.എ റഹീം, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, കെ.കെ രമ, അഡ്വ.കെ.എം സച്ചിൻദേവ്, എ.ഡി.എം  സി.മുഹമ്മദ്‌ റഫീഖ്, പ്ലാനിങ് ഓഫീസർ ടി.ആർ.മായ, എം.എൽ.എമാരുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post