സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് അറബിക്കടലിലേക്ക് എത്തും എന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.


തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട , കോട്ടയം എറണാകുളം, ഇടുക്കി , കോഴിക്കോട് വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് . ആലപ്പുഴ ,പാലക്കാട് , മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ച വരെ സംസ്ഥാനത്ത് മഴ തുടർന്നേക്കും ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.


അതേസമയം, ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതോടെ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ വീണ്ടും ഉയർത്തി. രണ്ട്,മൂന്ന്,നാല് ഷട്ടറുകൾ 65 സെൻറീമീറ്റർ വീതമാണ് ഉയർത്തിയത്. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞദിവസം തുറന്ന ആറ് ഷട്ടറുകളിൽ 5 എണ്ണം ഇന്നലെ അടച്ചിരുന്നു.


മുല്ലപ്പെരിയാർ ഡാമിൽ 8 മണി മുതൽ മൂന്ന് ഷട്ടറുകൾ കൂടി 0.60m ഉയർത്തുമെന്നാണ് ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫിസ് നൽകുന്ന വിവരം. നിലവിൽ 1493 ക്യുസെക്‌സ് ജലമാണ് ഒഴുക്കി വിടുന്നത്. 8 മണി മുതൽ 1512 ക്യുസെക്‌സ് ജലം കൂടി അധികമായി ഒഴുക്കി ആകെ 3005 ക്യുസെക്‌സ് ജലം ഒഴുക്കി വിടും.


അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി ഉയർന്നതോടെയാണ് ഇടുക്കി ജലസംഭരണിയിലേക്ക് ആറ് ഷട്ടറുകൾ വഴി ജലം തുറന്നു വിട്ടത്. ഇന്നലെ ജലനിരപ്പ് താഴ്ന്നതായി നിരീക്ഷിച്ച അധികൃതർ മൂന്ന് ഷട്ടറുകൾ അടയ്ക്കുകയായിരുന്നു. എന്നാൽ ഇന്നലെ രാത്രി മുതൽ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ അടച്ച ഷട്ടറുകൾ ഉൾപ്പെടെ തുറക്കും.

Previous Post Next Post