കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ: വ്യാഴാഴ്ച വരെ ഓറഞ്ച് അലർട്ട്; ജാഗ്രത നിർദേശം നൽകി ജില്ലാ ഭരണകൂടം



കോഴിക്കോട്: ജില്ലയുടെ കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ തുടരുന്നു. മലയോരമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. കനത്ത മഴ  തുടരുന്നതിനെ തുടർന്ന് മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വൈകിട്ട് പുറത്തു വിട്ട മുന്നറിയിപ്പ് അനുസരിച്ച് കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാഴാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അടിവാരം, പുതുപ്പാടി, കാവിലുംപാറ തുടങ്ങിയ മലയോര മേഖലകളിൽ ശക്തമായ മഴയുള്ളതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ  അറിയിച്ചു. മലയോര മേഖലയിലേക്കും പ്രത്യേകിച്ച് ചുരത്തിലേക്കുള്ള യാത്രകളും രാത്രി യാത്രകളും പരമാവധി ഒഴിവാക്കേണ്ടതാണെന്നും ജനങ്ങൾ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

 കക്കയത്ത് മൂന്ന് മണിക്കൂറിൽ 102 mm മഴ ലഭിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. കനത്ത മഴയെ തുടർന്ന് കോഴിക്കോട് അടിവാരം മേഖല വെള്ളത്തിലായി. കുറ്റ്യാടി - മാനന്തവാടി ചുരം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ മുളവട്ടം ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിലെ തോരാട് മലയിലും മണ്ണിടിച്ചിലുണ്ടായി. ജലാലുദ്ദീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല.

 ജില്ലയിലെ കൂരാച്ചുണ്ടിലും കനത്ത മഴയാണ് പെയ്തത്. ഇവിടെ സമീപപ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. മരുതിലാവ്, പൊട്ടിക്കൈ പ്രദേശത്ത് മലവെള്ള പാച്ചിലുണ്ടായത് വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായ സംശയം സൃഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് വടകര താലൂക്കിൽ കാവിലുംപാറ വില്ലേജിൽ ചാത്തങ്കോട്ട നടയിൽ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിസരത്തുള്ള വീട്ടുകാരെ മാറ്റാനുള്ള സംവിധാനം സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു
Previous Post Next Post