മെഡിക്കൽ കോളേജ് കാത്ത്‌ ലാബ് ഇനി 24 മണിക്കൂറും

 


കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്ത്‌ലാബിന്റെ പ്രവർത്തനസമയം 24 മണിക്കൂറാക്കുന്നു.

സൂപ്പർ സ്പെഷ്യാലിറ്റി കാർഡിയോളജി വിഭാഗത്തിൽ കോവിഡ് കാലത്ത് ആരംഭിച്ച രണ്ടാമത്തെ കാത്ത് ലാബ് പൂർണ സജ്ജമായതോടെയാണ് പ്രവർത്തനസമയം ദീർഘിപ്പിക്കുന്നത്. നിലവിൽ ഒരു കാത്ത് ലാബാണ് പൂർണതോതിൽ പ്രവർത്തിക്കുന്നത്.

കഴിഞ്ഞ വർഷമാണ് അഞ്ചു കോടി ചെലവിൽ പുതിയ ഒരു കാത്ത് ലാബ് കൂടി തുടങ്ങിയത്. ആരോഗ്യമന്ത്രി വീണാ ജോർജ് പ്രവർത്തനം 24 മണിക്കൂറാക്കി മാറ്റാൻ നിർദേശം നൽകിയിരുന്നു. ജീവനക്കാരുടെ കുറവും മറ്റ് സാങ്കേതിക കാരണങ്ങളാലും പൂർണതോതിൽ പ്രവർത്തനം സജ്ജമായിരുന്നില്ല. കഴിഞ്ഞദിവസം പുതിയ നിയമനമുൾപ്പെടെ നടപടികൾ പൂർത്തിയായിട്ടുണ്ട്. മൂന്ന് കാത്ത് ലാബ് ടെക്‌നീഷ്യൻമാരെയും 21 സ്റ്റാഫ് നഴ്‌സുമാരെയും നാലു വീതം ക്ലാർക്ക്, നഴ്‌സിങ് അസിസ്റ്റന്റ്, ആറ് അറ്റൻഡർമാർ തുടങ്ങിയ ജീവനക്കാരെ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ നിയമിച്ചു.



കൂടാതെ 18 പി.ജി. ഡോക്ടർമാരുടെയും ഹൗസ് സർജൻമാരുടെയും സേവനവും ഉപയോഗപ്പെടുത്തിയാണ് ഷിഫ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോൾ ദിവസം ശരാശരി 15 മുതൽ 20 വരെ രോഗികൾക്ക് ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്.

ഏത് അത്യാവശ്യഘട്ടങ്ങളിലും ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റിയും ചെയ്യാൻ കഴിയുമെന്നത് വലിയ നേട്ടമാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ പറഞ്ഞു.

Previous Post Next Post