തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകാർഡുകൾ ഇന്ന് മുതൽ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നു. പുസ്തക രൂപത്തിലുള്ള സാധാരണ റേഷൻ കാർഡുകളും അടുത്തിടെ പുറത്തിറക്കിയ ഇ–റേഷൻ കാർഡുകളും ഇനി സ്‌മാർട്ട് റേഷൻ കാർഡുകളാകും.
ക്യുആർ കോഡ്, ബാർ കോഡ് എന്നിവ പതിച്ച റേഷൻ കാർഡിന് എടിഎം കാർഡിന്റെ വലുപ്പമേ ഉണ്ടാകൂ. കാർഡ് ഉടമയുടെ പേര്, ഫോട്ടോ തുടങ്ങിയ വിവരങ്ങളും കാർഡിൽ ഉൾക്കൊള്ളിക്കും. സ്മാർട്ട് കാർഡ് പുറത്തിറങ്ങുന്നതോടെ കടകളിൽ ഇ-പോസ് മെഷീനൊപ്പം ക്യു ആർ കോഡ് സ്കാനറും വെക്കും. സ്കാൻ ചെയ്യുമ്പോൾ വിവരങ്ങൾ സ്ക്രീനിൽ തെളിയും. റേഷൻ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലിൽ ലഭിക്കുന്ന രീതിയിലാണ് പ്രവർത്തനം.
കഴിഞ്ഞ സർക്കാർ കാലത്ത് നടപ്പാക്കിയ ഇ-റേഷൻ കാർഡ് പരിഷ്കരിച്ചാണ് സ്മാർട്ട് കാർഡ് ഇറക്കുന്നത്. ജനുവരിയോടെ ഈ സംവിധാനം പൂർണതയിലെത്തിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
സ്മാർട്ട് കാർഡിന് അപേക്ഷിക്കാം
ഈ രൂപത്തിലേക്കു കാർഡ് മാറ്റാൻ അക്ഷയ സെന്റർ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ അപേക്ഷ സമർപ്പിക്കണം. അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിച്ചാൽ പ്രിന്റിങ് ചാർജ് അടക്കം 65 രൂപയാണു നിരക്ക്. സർക്കാരിനു പ്രത്യേക ഫീസ് നൽകേണ്ടതില്ല. നിലവിലെ റേഷൻ കാർഡുകളുടെ പ്രവർത്തന കാലാവധി തുടരുമെന്നതിനാൽ ആവശ്യമുള്ളവർ മാത്രം പ്ലാസ്റ്റിക് കാർഡിന് അപേക്ഷിച്ചാൽ മതിയെന്നാണു ധാരണ.