സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്: കോഴിക്കോടിന് ഇരട്ടക്കിരീടം


വടകര : സംസ്ഥാന വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ സൂപ്പർസോൺ മത്സരത്തിൽ കോഴിക്കോടിന് ഇരട്ടക്കിരീടം. ആൺ-പെൺ വിഭാഗത്തിൽ കൂടുതൽ പോയന്റുകൾ നേടിയാണ് കോഴിക്കോട് കിരീടം കരസ്ഥമാക്കിയത്.

ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും കണ്ണൂരും പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും എറണാകുളവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും നഗരസഭാ വൈസ് ചെയർമാൻ പി.കെ. സതീശൻ നിർവഹിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ ടീമുകൾക്ക് സംഘാടകസമിതി വൈസ് ചെയർമാൻ എടയത്ത് ശ്രീധരൻ ട്രോഫികൾ വിതരണം ചെയ്തു. നീലിമ പ്രസിഡന്റ് രാജീവൻ പറമ്പത്ത് അധ്യക്ഷനായി. വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി. ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി കെ.കെ. മുസ്തഫ എന്നിവർ കളിക്കാർക്ക് മെഡലുകൾ വിതരണംചെയ്തു. എം. രാജൻ, എടയത്ത് ശശീന്ദ്രൻ, രാഘവൻ മാണിക്കോത്ത്, പുറന്തോടത്ത് ഗംഗാധരൻ, സി.വി. വിജയൻ, കെ.കെ. ബാബുരാജ്, പറമ്പത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ കെ.ടി.കെ. അജിത് റിപ്പോർട്ട് അവതരിപ്പിച്ചു.


Previous Post Next Post