കൊച്ചി: എറണാകുളം ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി വേട്ട. എക്‌സൈസ് സ്പഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപ വില വരുന്ന എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാഹുല്‍(27), സൈനുലാബ്ദീന്‍ (20) എന്നിവര്‍ അറസ്റ്റിലായി. നിസാമുദ്ദീന്‍ മംഗളാ എക്‌സപ്രസില്‍ ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ ട്രെയ്‌നില്‍ കയറിയത്.
ഇത്തരം വ്യാപരം നടക്കുന്നതായി കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് വിവരം ലഭിച്ചിരുന്നുവെന്ന് എക്‌സൈസ് ഇന്റലിജന്‍സ് ഓഫീസര്‍ മനോജ് കുമാര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടിയ കേസിന്റെ തുടര്‍ച്ചയായി അന്വേഷണം നടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിന്തറ്റിക് മയക്കുമരുന്നാണ് പിടികൂടിയത്. ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ പോലും മാനസിക പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകുന്ന ശ്രേണിയിലുള്ളവയാണ് ആലുവയില്‍ പിടികൂടിയത്. എറണാകുളത്ത് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി എത്തിച്ചതായിരുന്നു മയക്കുമരുന്ന്.
ജ്യൂസ് പാക്കറ്റുകളിലും പാനി പൂരി പാക്കറ്റുകളിലുമായി കൊണ്ടുവന്ന മയക്കുമരുന്നിന് അര ഗ്രാമിന് മൂവായിരം രൂപ എന്ന നിലയിലാണ് വില്‍പന നടത്തുന്നത്. പ്രധാന സംഘത്തെ തന്നെ തകര്‍ക്കാന്‍ കഴിഞ്ഞുവെന്നും കൂടുതല്‍ പേര്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പുതുവത്സരാഘോഷങ്ങള്‍ക്കായി വലിയ അളവില്‍ ലഹരി എത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് വ്യാപകമായി പരിശോധന നടത്തിയിരുന്നു. സമീപകാലത്തായി കൊച്ചിയില്‍ നടന്നിട്ടുള്ള ലഹരിവേട്ടയില്‍ വെച്ച് ഏറ്റവും വലിയ ഓപ്പറേഷനാണ് ഇത്.