ഫറോക്ക്: ഫറോക്ക് പുഴയ്ക്ക് കുറുകെ പുതിയപാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പഴയപാലത്തിലെ അഞ്ച് തൂണുകൾക്ക് സമീപം മണ്ണ് പരിശോധന നടത്തി. പൊതുമരാമത്ത് പാലങ്ങളുടെ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ശനിയാഴ്ച പാലത്തിനു പടിഞ്ഞാറു ഭാഗത്ത് നദിയുടെ തീരത്താണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച കിഴക്ക് ഭാഗത്ത് കൂടി നടത്തും.
പരിശോധനയുടെ പൂർണ വിവരം അടുത്തയാഴ്ച പൊതുമരാമത്ത് പാലങ്ങളുടെ വിഭാഗം മേധാവിയ്ക്ക് കൈമാറും. പഴയ പാലത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം എന്ന നിലയിൽ ഫറോക്കുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു സമാന്തരമായി പുതിയപാലം വേണമെന്നത്.
1883-ലാണ് ചെറുവണ്ണൂരിനെയും ഫറോക്കിനെയും ബന്ധിപ്പിക്കുന്നതിനായി ഫറോക്ക് പുഴയ്ക്ക് കുറുകെ പച്ച ഇരുമ്പാൽ കമാന പാലം ബ്രിട്ടിഷുകാർ നിർമിച്ചത്. ഇന്നും ഇത് ഫറോക്കിന്‍റെ മുഖമുദ്രയായി നില നിൽക്കുകയാണ്.