പാർക്കിങ് സൗഹൃദ നഗരം : കൂടുതൽ സൗകര്യമൊരുങ്ങുന്നു

Pic courtesy to @drone_pie

കോഴിക്കോട്: റോഡുകളോടുചേർന്നുള്ള സ്ഥലങ്ങൾ വാഹനം നിർത്തിയിടാനായി പ്രയോജനപ്പെടുത്തുന്ന പാർക്കിങ് സൗഹൃദ നഗര പദ്ധതിയുടെ ഭാഗമായി കൂടുതൽ സൗകര്യമൊരുക്കുന്നു. നിലവിൽ മൂന്നു റോഡുകളോട് ചേർന്നാണ് സ്ഥലം അനുവദിച്ചിട്ടുള്ളത്. അടുത്തദിവസംമുതൽ നേരത്തെ കണ്ടെത്തിയ മറ്റ് റോഡുകളിൽകൂടി ഇടം ഒരുക്കും. ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ സ്ഥലമുള്ള റോഡുകളോടുചേർന്നാണ് പാർക്കിങ് സൗകര്യം.

ടൗൺഹാൾ റോഡ്, മാനാഞ്ചിറയ്ക്ക് സമീപം, ലിങ്ക് റോഡ് എന്നിവിടങ്ങളിലാണ് നിലവിൽ സൗകര്യമുള്ളത്. ഇതിൽ ലിങ്ക് റോഡിൽ പൂർണതോതിൽ ആയിട്ടില്ല. ഇവിടങ്ങളിലെല്ലാം സൂചനാബോർഡുകൾകൂടി വെക്കേണ്ടതുണ്ട്. ഏതാണ്ട് ഇരുപതിടങ്ങളിൽ വാഹനം നിർത്തിയിടാനുള്ള സംവിധാനം ഒരുക്കാനാണ് തീരുമാനം. കൃത്യമായി രേഖപ്പെടുത്തി നൽകുകയാണ് ചെയ്യുന്നത്.

കോർപ്പറേഷനും പോലീസും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിൽ 1260 ചതുരശ്രമീറ്റർ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ റോഡുകളും ഈ രീതിയിൽ പ്രയോജനപ്പെടുത്തും. ബീച്ചിൽ ഗാന്ധിറോഡ് ജങ്ഷന് സമീപത്തുള്ള തുറമുഖവകുപ്പിന്റെ സ്ഥലവും പരിഗണനയിലാണ്. ഇവിടെ ധാരാളം വാഹനങ്ങൾ നിർത്തിയിടാനാകും.

രാജാജി റോഡ്, തളി, ബീച്ച്, ആനിഹാൾ റോഡ്, വെസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസ്, പൊറ്റമ്മൽ ജങ്ഷൻ, കോവൂർ, മെഡിക്കൽകോളേജ്, വൈക്കം മുഹമ്മദ് ബഷീർ റോഡ്, ഓയിറ്റി റോഡ്, സരോവരം റോഡ് എന്നിവിടങ്ങളിലെല്ലാം സൗകര്യമൊരുക്കും. നിലവിലുള്ള ലോറി പാർക്കിങ് പ്രശ്നത്തിനുകൂടി പരിഹാരമാകുന്നരീതിയിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ, കാർ, ഇരുചക്രവാഹനം, ഓട്ടോ, ആംബുലൻസ്, ബസ് എന്നിവയ്ക്കെല്ലാം അനുയോജ്യമായ ഇടമാണുള്ളത്. സ്കൂൾ മേഖലയും പ്രത്യേകമായി രേഖപ്പെടുത്തും. പ്രത്യേക മൊബൈൽ ആപ്പും ഇതിനായി വികസിപ്പിക്കുന്നുണ്ട്. ഇതിനുള്ള നടപടിക്രമങ്ങളും മുന്നോട്ടുപോകുന്നുണ്ട്. അധികംവൈകാതെതന്നെ പദ്ധതി പൂർണതോതിൽ യാഥാർഥ്യമാകുമെന്ന് അധികൃതർ പറഞ്ഞു. ഇതിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇടങ്ങൾ സജ്ജമാക്കും


Previous Post Next Post