കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം: അപാകങ്ങൾ പരിഹരിക്കുമെന്ന് എം.എൽ.എ.



മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണപ്രവൃത്തിയിലെ തിരുവമ്പാടി മണ്ഡലത്തിൽ ഉൾപ്പെടുന്ന എരഞ്ഞിമാവുമുതൽ ഓമശ്ശേരിവരെയുള്ള ഭാഗങ്ങളിലെ പ്രവൃത്തികളിലെ അപാകങ്ങൾ പരിഹരിക്കുമെന്നും റീസർവേ നടത്തി കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കുമെന്നും ലിൻറോ ജോസഫ് എം.എൽ.എ. പറഞ്ഞു.

നിർമാണപ്രവൃത്തി സംബന്ധിച്ച് പരാതി നിലനിൽക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമാണപ്രവൃത്തിയെക്കുറിച്ചും സുരക്ഷാ മുൻകരുതലുകൾ സ്ഥാപിക്കാത്തതുമായി ബന്ധപ്പെട്ടും ഒട്ടേറെ പരാതികളുയർന്ന പശ്ചാത്തലത്തിലായിരുന്നു എം.എൽ.എ.യുടെ സന്ദർശനം. കാരശ്ശേരി പഞ്ചായത്തിലെ ഓടത്തെരുവ് വളവ് നിവർത്തണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും അധികൃതർ തയ്യാറായിരുന്നില്ല. ഇവിടെ സംരക്ഷണഭിത്തിയോ സൂചനാബോർഡുകളോ ഇല്ലാത്തതിനാൽ കഴിഞ്ഞയാഴ്ച അർധരാത്രി കാർ ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. പഴയ ഓവുചാലുകൾ പുനർനിർമിക്കാതെ ടാറിങ് നടത്തിയതായും പരാതിയുണ്ടായിരുന്നു.

നോർത്ത് കാരശ്ശേരി ജങ്ഷനിലും മുക്കം പോലീസ് സ്റ്റേഷൻ പരിസരത്തും അനാവശ്യമായി റോഡ് ഉയർത്തിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേ റോഡിൽതന്നെയുള്ള മുക്കം നഗര സൗന്ദര്യവത്കരണപ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ ഒട്ടേറെ പരാതികളെ തുടർന്നാണ് എം.എൽ.എ.യും സംഘവും പ്രവൃത്തിപരിശോധന നടത്തിയത്. അപകടരമായ വളവുകളുള്ള ഓടത്തെരുവ്, മാടാമ്പുറം പ്രദേശങ്ങളിൽ സംരക്ഷണഭിത്തി സ്ഥാപിക്കാനും മുക്കം ക്രൈസ്തവ ദേവാലയത്തിനുമുന്നിൽ വ്യാപാരികൾക്ക് പ്രയാസമാകാത്ത രീതിയിൽ റോഡ് ഉയർത്താനും ഗോതമ്പറോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പ്രവൃത്തി ഉടൻ പൂർത്തീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മുക്കം നഗര സൗന്ദര്യവത്കരണപ്രവൃത്തി ഉടൻ പൂർത്തീകരിക്കുമെന്നും എൽ.എൽ.എ. പറഞ്ഞു. വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കെ.എസ്.ഇ.ബി. അധികൃതരോട് ചർച്ചചെയ്ത്‌ പരിഹരിക്കുമെന്നും മാർച്ച് മാസത്തോടെ പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.


Previous Post Next Post