ഇന്ന് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനം; നിയന്ത്രണങ്ങളും ഇളവുകളും അറിയാം


തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ. നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസിന്റെ കർശന പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾക്ക് ഇളവുകളുണ്ടാകും. പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. മറ്റുപൊതുഗാതഗത്തിനും സ്വകാര്യവാഹനങ്ങൾക്കും നിരത്തിലിറക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകും. കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് 23, 30 തീയതികളിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ ദിവസങ്ങളിലെ പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. ശനിയാഴ്ച അർദ്ധരാത്രി 12 മുതൽ 24 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം.

നിയന്ത്രണങ്ങളും ഇളവുകളും

⚫മരുന്ന്, പഴം, പാൽ, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവയുടെ കടകൾ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ. പരമാവധി ഹോം ഡെലിവറി.

⚫ഭക്ഷണശാലകളും ബേക്കറികളും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ. പാഴ്സൽ അല്ലെങ്കിൽഹോം ഡെലിവറി മാത്രം.

⚫വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയിൽ 20 പേർ മാത്രം.

⚫ദീർഘദൂരബസുകൾ, തീവണ്ടികൾ, വിമാനസർവീസ് ഉണ്ടാകും. ഇതിനായി വാഹനങ്ങളിൽ യാത്ര ചെയ്യാം. ടിക്കറ്റ് കൈയിൽ കരുതിയാൽ മതി.

⚫ആശുപത്രിയിലേക്കും വാക്സിനേഷനും യാത്രചെയ്യാം.

⚫മുൻകൂട്ടി ബുക്കുചെയ്തതെങ്കിൽ ഹോട്ടലുകളിലേക്കും റിസോർട്ടുകളിലേക്കും പോകാം. സ്റ്റേ വൗച്ചർ കരുതണം.

⚫നേരത്തേ ബുക്കുചെയ്ത വിനോദസഞ്ചാരികളുടെ കാറുകൾക്കും ടാക്സിവാഹനങ്ങൾക്കും സഞ്ചരിക്കാം.

⚫ഞായറാഴ്ച പ്രവൃത്തിദിനമായ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, കമ്പനികൾ, വർക്ക് ഷോപ്പുകൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി. ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡുമായി സഞ്ചരിക്കാം.

⚫പരീക്ഷകളിൽ പങ്കെടുക്കാനുള്ളവർക്ക് അഡ്മിറ്റ് കാർഡുകൾ ഹാജരാക്കിയാൽ മതി.

⚫ബാറും മദ്യക്കടകളും പ്രവർത്തിക്കില്ല. കള്ളുഷാപ്പുകൾക്ക് പ്രവർത്തിക്കാം.


Previous Post Next Post