വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് കുട്ടികളെയും കണ്ടെത്തി

കോഴിക്കോട്: വെളളിമാടുകുന്ന് ബാലികാ മന്ദിരത്തിൽ നിന്ന്  ഒളിച്ചോടിയ പെണ്‍കുട്ടികളില്‍ നാലുപേരെ കൂടി കണ്ടെത്തി. മലപ്പുറം എടക്കരയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം പാലക്കാട്ടെത്തി തുടര്‍ന്ന് ബസില്‍ പെണ്‍കുട്ടികള്‍ എടക്കരയില്‍ എത്തുകയായിരുന്നു. എടക്കര പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടികളുള്ളത്. ഇവരെ വൈകിട്ടോടെ കോഴിക്കോട് എത്തിക്കും.

മറ്റ് രണ്ട് പെണ്‍കുട്ടികളെ ഇന്നലെയും ഇന്ന് രാവിലെയുമായി കണ്ടെത്തിയിരുന്നു. ഒരാളെ മടിവാളയിലെ ഹോട്ടലില്‍ നിന്നും മറ്റൊരാളെ മണ്ഡ്യയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇതോടെ കാണാതായ ആറുപേരെയും കണ്ടെത്തി. ആറ് പെണ്‍കുട്ടികളെയും ഇന്നലെ ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ കണ്ടെത്തിയിരുന്നു. ഒരു കുട്ടിയെ ഇവിടെ നിന്ന് പിടികൂടനായെങ്കിലും ബാക്കി അഞ്ചുപേരും ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് ബെംഗളൂരുവില്‍ നിന്ന് തന്നെ മറ്റൊരു കുട്ടിയെ കൂടി കണ്ടെത്തിയത്. പിന്നാലെയാണ് മറ്റ് നാലുപേരെയും മലപ്പുറം എടക്കരയില്‍ കണ്ടെത്തിയത്.

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ കെഎസ്ആര്‍ടിസി ബസില്‍ പാലക്കാട് എത്തി അവിടെ നിന്ന് ട്രെയിനില്‍ ബെംഗളൂരുവില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. യുവാക്കളെ ട്രെയിനിൽ വച്ച് പരിചയപ്പെട്ടന്ന് മാത്രമാണ് പെണ്‍കുട്ടികള്‍ നൽകിയ മൊഴി. ആസൂത്രണമില്ലാതെ കുട്ടികൾ ബെംഗളൂരുവില്‍ എത്താന്‍ സാധ്യതകുറവെന്നും പുറമെനിന്നുളള സഹായം കുട്ടികൾക്ക് കിട്ടിയോ എന്ന കാര്യം അന്വേഷിക്കുന്നതായും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോര്‍ജ്ജ് പറഞ്ഞു.

അതിനിടെ കോഴിക്കോട് സിറ്റി പൊലീസിലെ പ്രത്യേക സംഘം വെളളിമാട് കുന്നിലെത്തി തെളിവെടുപ്പ് നടത്തി. രണ്ട് അസിസ്റ്റന്റ് കമ്മീഷണറുമാർക്കൊപ്പം ബാലക്ഷേമ സമിതി അംഗവും സംഘത്തിലുണ്ടായിരുന്നു. സ്ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലെന്ന് ബാലാവകാശ കമ്മീഷൻ കണ്ടെത്തിയിരുന്നു. കോഴിക്കോട് ജില്ലക്കാരായ 15 നും 18 നും മധ്യേ പ്രായമുള്ള ആറ് പേരായിരുന്നു റിപ്പബ്ളിക് ദിനാഘോഷം കഴിഞ്ഞതിന് പിന്നാലെ ബാലികാ മന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Previous Post Next Post