രജത ജൂബിലി നിറവിൽ കോഴിക്കോട് പ്ലാനിറ്റേറിയം


കോഴിക്കോട്: കോഴിക്കോട് പ്ലാനിറ്റേറിയത്തിനും റീജിനൽ സയൻസ് സെന്ററിനും നാളെ 25 വയസ് തികയുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ശ്രദ്ധേയ ശാസ്ത്രസ്ഥാപനമായി മാറാൻ ഇതിനകം ഈ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്.

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ വരുന്ന നാഷണൽ കൗൺസിൽ ഒഫ് സയൻസ് മ്യൂസിയത്തിന്റെ കേരളത്തിലെ ഏക യൂണിറ്റാണിത്. വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിലും ശാസ്ത്രീയ കാഴ്ചപ്പാടുകൾ പരിപോഷിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ട് പ്ലാനറ്റേറിയം. സ്കൂൾ പാഠ്യപദ്ധതിയുടെ അനുബന്ധമെന്നോണ് ഇതിന്റെ പ്രവർത്തനം.

ഇ.കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ 1997 ജനുവരി 30 നാണ് അദ്ദേഹം പ്ലാനിറ്റേറിയം സന്ദർശകർക്കായി തുറന്നു കൊടുത്തത്. അന്ന് സയൻസ് ഗാലറി, സയൻസ് പാർക്ക്, ജീവശാസ്ത്ര ഹാൾ, പ്ലാനിറ്റേറിയം എന്നിവ മാത്രമെ ഉണ്ടായിരുന്നുള്ളു. കാൽ നൂറ്റാണ്ടിനിടയിൽ ഇവിടെ മറ്റു നിരവധി വിജ്ഞാനപ്രദമായ സംവിധാനങ്ങൾ കൂടി ഏർപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞു. കാഴ്ചക്കാരിൽ വിസ്‌മയം തീർക്കുന്ന മാന്ത്രിക കണ്ണാടികൾ, ജ്യോതിശാസ്ത്ര ഗാലറി, സമുദ്രത്തിന്റെ അടിത്തട്ടിനെ അടുത്തറിയാൻ ഉതകുന്ന സമുദ്ര ഗാലറി എന്നിവ ഇതിൽ ചിലതുമാത്രം.

വിദ്യാർത്ഥികൾക്കായി ശാസ്ത്ര സെമിനാറുകൾ, പ്രദർശനങ്ങൾ, ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖം തുടങ്ങിയ വിവിധ പരിപാടികളും ഒരുക്കാറുണ്ട്. തുടക്കത്തിൽ ഒരു വർഷം ഒരു ലക്ഷം സന്ദർശകരായിരുന്നുവെങ്കിൽ ഇപ്പോഴത് അഞ്ച് ലക്ഷമായി ഉയർന്നിരിക്കുകയാണ്.

രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന പാനൽ എക്സിബിഷൻ നാളെ രാവിലെ 10.30ന് ഓൺലൈനായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നാഷണൽ കൗൺസിൽ ഒഫ് സയൻസ് മ്യൂസിയം ഡയരക്ടർ ജനറൽ എ.ഡി.ചൗധരി അദ്ധ്യക്ഷത വഹിക്കും.

Previous Post Next Post