പേരാമ്പ്ര: നഗര സൗന്ദര്യവത്കരണ പ്രവൃത്തികളുടെ തുടർച്ചയായി പേരാമ്പ്ര ബസ് സ്റ്റാൻഡും മുഖംമിനുക്കുന്നു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ.യുടെ ആസ്ഥിവികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചുള്ള പ്രവൃത്തികളാണ് നടക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാറുകാർ.
തിരക്കേറിയ ബസ്‌സ്റ്റാൻഡിൽ കോഴിക്കോട്, കുറ്റ്യാടി ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് മഴയും വെയിലുംകൊണ്ട് ബസ് കയറേണ്ടിവരുന്ന പ്രശ്നത്തിന് പരിഹാരംകാണാൻ ബസ് നിർത്തുന്നഭാഗത്ത് സംവിധാനമൊരുക്കും. ബസ് സ്റ്റാൻഡ് കെട്ടിടത്തിന് മുന്നിലും ബസുകളിൽ മഴനനയാതെ കയറാൻപറ്റുന്ന വിധത്തിൽ മേൽക്കൂരയിൽ മൂൻഭാഗം പൊളിച്ചുമാറ്റി ഷീറ്റിടും.
ബസ്‌സ്റ്റാൻഡിന്റെ വശത്ത് ഓട്ടോനിർത്താനായി ഓട്ടോ ബേ നിർമിക്കും. ക്ലോക്ക് ടവറുള്ള സ്ഥലത്തും മഴനനയാതിരിക്കാൻ മുകളിൽ ഷിറ്റീടും. ഇവിടെ പോലീസ് എയ്ഡ് പോസ്റ്റും പിന്നീട് നിർമിക്കും. ബസ് സ്റ്റാൻഡിൽ പ്രവൃത്തികൾ നടത്തുന്നതിനായി ക്രമീകരണം ഉണ്ടാക്കാനായി പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദിന്റെ സാന്നിധ്യത്തിൽ കരാറുകാരുടേയും പോലീസ്, ആർ.ടി.ഒ. പ്രതിനിധികളുടേയും യോഗംചേർന്നു. ഫെബ്രുവരി മൂന്നിന് പ്രവൃത്തികൾ ആരംഭിക്കാനാണ് തീരുമാനം.
പേരാമ്പ്ര നഗരത്തിൽ നേരത്തെ 4.5 കോടി രൂപ ചെലവിൽ നവീകരണപ്രവൃത്തികൾ നടത്തിയിരുന്നു. നഗരത്തിൽ കലുങ്കുകൾ പുനർനിർമിക്കുകയും ബസ് സ്റ്റാൻഡിന് മുൻവശത്തും മാർക്കറ്റ് പരിസരത്തും വടകര റോഡ് കവലയ്ക്ക് സമീപവും റോഡിൽ സിമന്റ് കട്ട പതിക്കുകയും ചെയ്തു. നടപ്പാതയിലും കട്ടപതിച്ച് ഇരുമ്പ് കൈവരികൾ ഘടിപ്പിക്കുകയുണ്ടായി.
Tags:
Perambra