21 മുതല്‍ സ്‌കൂളുകള്‍ വൈകീട്ടുവരെ; മുഴുവന്‍ കുട്ടികളും വരണം; ശനിയാഴ്ചയും പ്രവർത്തിദിനംതിരുവനന്തപുരം: സംസ്ഥാനത്ത സ്കൂളുകളിൽ ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച പുനരാരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ ബാച്ചടിസ്ഥാനത്തിലാകും ക്ലാസുണ്ടാകുക. ഫെബ്രുവരി 19 വരെ ഈ നിലയിലായിരിക്കും തുടരുക എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

21-ാം തിയതി മുതൽ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി സാധാരണ രീതിയിലുള്ള പഠനം നടത്താനുള്ള ക്രമീകരണമാണ് ഏർപ്പാടാക്കിയിട്ടുള്ളത്. രാവിലെ മുതൽ മുതൽ വൈകുന്നേരം വരെ ക്ലാസുണ്ടാകും.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28-നകം പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതും തുടർന്ന് റിവിഷൻ ഘട്ടത്തിലേക്ക് പോകണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച നടത്തുന്ന അധ്യാപക സംഘടനകളുമായിട്ടുള്ള ചർച്ചക്ക് ശേഷം ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും സ്കൂളുകൾ പൂർണ്ണമായും പ്രവർത്തിദിനമായിരിക്കും. എല്ലാ

അങ്കണവാടികൾ, ക്രഷുകൾ, കിന്റർഗാർട്ടനുകൾ എന്നിവയും തിങ്കളാഴ്ച തുറക്കുന്നുണ്ട്. ഉച്ചവരെയായിരിക്കും ഇവർക്ക് ക്ലാസുകൾ. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ പ്രവർത്തിക്കും.

10, 11, 12 ക്ലാസുകൾ കഴിഞ്ഞ തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. ബാച്ച് തിരിഞ്ഞ് വൈകുന്നേരംവരെയാണ് ഈ ക്ലാസുകൾ നടക്കുന്നത്. 21 മുതൽ ഇവർക്ക് സാധാരണ നിലയിലേക്ക് മാറും.

21ന് സ്കൂൾ സാധാരണനിലയിലാകുന്നത് വരെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകാർക്ക് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസ് ഇനി മുതൽ ഉച്ചയ്ക്ക് ശേഷമായിരിക്കും ഉണ്ടാകുക.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ മാർഗരേഖ ഇങ്ങനെ

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ ക്ലാസ്സുകൾ തുടരാവുന്നതാണ്.

10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണ്.

ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.

ഫെബ്രുവരി 21 മുതൽ സ്കൂൾ സമയം രാവിലെ മുതൽ വൈകുന്നേരം വരെ അതത് സ്കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.

10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28 ന് അകം പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തേണ്ടതും തുടർന്ന് റിവിഷൻ പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതുമാണ്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങൾ ഒഴികെയുളള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.

എല്ലാ ശനിയാഴ്ചകളിലും സ്കൂൾതല എസ്.ആർ.ജി ചേർന്ന് പാഠഭാഗങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ചർച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുമാണ്.

എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാൻ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രധാനധ്യാപകർ മുഖാന്തിരം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് എല്ലാ ശനിയാഴ്ചയും നൽകേണ്ടതാണ്. ക്രോഡീകരിച്ച റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എല്ലാ തിങ്കളാഴ്ചയും നൽകേണ്ടതാണ്.

പ്ലസ്ടു പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാൻ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽമാർ മുഖാന്തിരം ബന്ധപ്പെട്ട റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് എല്ലാ ശനിയാഴ്ചയും നൽകേണ്ടതാണ്. ക്രോഡീകരിച്ച റിപ്പോർട്ട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എല്ലാ തിങ്കളാഴ്ചയും നൽകേണ്ടതാണ്.

എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി മോഡൽ പരീക്ഷയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ട പഠനപിന്തുണാ പ്രവർത്തനങ്ങൾ അതത് സ്കൂൾ തലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതാണ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കർമ്മപദ്ധതി അതത് സ്കൂൾ തലത്തിൽ തയ്യാറാക്കി പ്രസ്തുത കുട്ടികളെയും പരീക്ഷയ്ക്ക് തയ്യാറാക്കേണ്ടതാണ്.

കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതും, മാനസിക സംഘർഷം ലഘൂകരിക്കാൻ ഉതകുന്നതുമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതാണ്.

പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികൾക്ക് നൽകേണ്ടതാണ്. ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ ഇതു സംബന്ധിച്ച് പ്രത്യേകമായ ഊന്നൽ നൽകേണ്ടതാണ്.

ഡിജിറ്റൽ/ഓൺലൈൻ ക്ലാസുകളും പിന്തുണാ പ്രവർത്തനങ്ങളും ആവശ്യാനുസരണം തുടരുന്നതാണ്. അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകർ അവലംബിക്കേണ്ടതാണ്. എസ്.സി.ഇ.ആർ.ടി യും ഡയറ്റുകളും അനുബന്ധമായ പിന്തുണ ഇക്കാര്യത്തിൽ നൽകുന്നതാണ്.

ക്രഷ്, കിന്റർഗാർട്ടൻ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ പ്രീ-പ്രൈമറി ക്ലാസുകൾ ഫെബ്രുവരി 14 മുതൽ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

പ്രീ പ്രൈമറി വിഭാഗം തിങ്കൾ മുതൽ വെളളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50% കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകൾ എടുക്കാവുന്നതാണ്.

വിദ്യാഭ്യാസ ഓഫീസർമാർ പരമാവധി സ്കൂളുകൾ സന്ദർശിച്ച് പാഠഭാഗങ്ങളുടെ വിനിമയം സംബന്ധിച്ചും, പൊതുപരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തലുകൾ നടത്തേണ്ടതും ആയത് സംബന്ധിച്ച റിപ്പോർട്ട് ഡി.ഡി.ഇ/ആർ.ഡി.ഡി/ എ.ഡി തലത്തിൽ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറേണ്ടതാണ്.

എസ്.എസ്.എൽ.സി., ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി മോഡൽ പരീക്ഷകൾ 2022 മാർച്ച് 16 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കുന്നതാണ്.

1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്.


Previous Post Next Post