കോഴിക്കോട്: കോവിഡ് പ്രതിസന്ധികളെ തരണംചെയ്യാനായി കുടുംബശ്രീ നേതൃത്വത്തിൽ തുടങ്ങിയ ജില്ലയിലെ ജനകീയഹോട്ടലുകൾ പ്രതിദിനം ഊട്ടുന്നത് കാൽലക്ഷത്തിലധികംപേരെ. 20 രൂപയുടെ ഉച്ചയൂണ് കഴിക്കാനെത്തുന്നവരുടെ എണ്ണത്തിൽ ദിനംപ്രതി വർധനയുണ്ടാവുന്നതായാണ് കണക്ക്.
ജില്ലയിൽ 106 കുടുംബശ്രീ ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. 2021 ഏപ്രിൽ മുതൽ 2022 ഫെബ്രുവരി എട്ടുവരെ ജനകീയഹോട്ടലുകൾ 71,65,116 പേർക്ക് ഭക്ഷണം വിളമ്പി. ഒരുദിവസം ശരാശരി മുപ്പതിനായിരത്തിൽപ്പരം പേരാണ് ഹോട്ടലുകളിൽ എത്തുന്നത്. ചോറ്്, കറി, തോരൻ, അച്ചാർ എന്നിവയുൾപ്പെടെയുള്ള വിഭവങ്ങളാണ് മിതമായ വിലയ്ക്ക് നൽകുന്നത്.
9,03,600 രൂപയാണ് ഒരുമാസത്തെ ശരാശരി വരുമാനം. 85 ലക്ഷം രൂപ സബ്സിഡി നൽകുന്നതിനുമാത്രം ഓരോ മാസവും അനുവദിക്കുന്നുണ്ട്. നിലവിലുള്ള കുടിശ്ശിക തീർക്കാൻ തനതുവർഷം അഞ്ചുകോടി രൂപ സർക്കാർ അനുവദിച്ചു. കെട്ടിടവാടക, വൈദ്യുതി, വെള്ളം എന്നിവയ്ക്കായി ത്രിതല പഞ്ചായത്തുകളാണ് പദ്ധതിവിഹിതത്തിൽനിന്ന് തുക നീക്കിവെക്കുന്നത്. ഭക്ഷണത്തിനാവശ്യമായ അരി സബ്സിഡിയായും സർക്കാർ നൽകിവരുന്നു.