ജില്ലയിൽ 23 കോവിഡ് ക്ലസ്റ്ററുകൾ


കോഴിക്കോട്: ബുധനാഴ്ചത്തെ കണക്കുപ്രകാരം ജില്ലയിൽ 23 കോവിഡ് ക്ലസ്റ്ററുകളാണുള്ളതെന്ന് ഡി.എം.ഒ. ഡോ. വി. ഉമ്മർ ഫാറൂഖ് വ്യക്തമാക്കി. നിലവിലെ രോഗികളിൽ 95 ശതമാനവും വീടുകളിലാണ്. 26,562 പേരാണ് ഹോം ക്വാറന്റീനിൽ കഴിയുന്നത്. കോവിഡ് പ്രതിരോധപ്രവർത്തനം വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര സാഹചര്യം നേരിടാൻ ജില്ലയിൽ വിവിധ ആശുപത്രികളിലായി 10,257 കിടക്കകൾ സജ്ജമാണെന്ന് ഡി.എം.ഒ. അറിയിച്ചു.

ജില്ലയിൽ കോവിഡ് പ്രതിരോധപ്രവർത്തനം മാതൃകാപരമായാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിക്കുന്നത് ആശുപത്രികളുടെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അതിനുള്ള പരിഹാരമാർഗം കണ്ടെത്തണമെന്നും മന്ത്രി വീണാജോർജ് നിർദേശിച്ചു. വലിയതോതിൽ വ്യാപനമുണ്ടായാൽപോലും നേരിടാനുള്ള സജ്ജീകരണം ജില്ലയിലെ ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ടെന്ന് കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

യോഗത്തിൽ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ഡോ. ബീനാ ഫിലിപ്പ്, എം.കെ. രാഘവൻ എം.പി., എം.എൽ.എ.മാരായ ടി.പി. രാമകൃഷ്ണൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, കെ.എം. സച്ചിൻദേവ്, ലിന്റോ ജോസഫ്, ഇ.കെ. വിജയൻ, കെ.കെ. രമ എന്നിവർ പങ്കെടുത്തു.


Previous Post Next Post