പേരാമ്പ്ര : കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാമിൽനിന്ന് കനാലിലേക്ക് 24-ന് രാവിലെ ഒമ്പതോടെ വെള്ളം തുറന്നുവിട്ടുതുടങ്ങും. കൊയിലാണ്ടി, വടകര, കോഴിക്കോട് താലൂക്കുകളിലേക്ക് വെള്ളമെത്തിക്കുന്നതാണ് കുറ്റ്യാടി പദ്ധതി. ആദ്യഘട്ടത്തിൽ ഇടതുകര പ്രധാന കനാലിലേക്കാണ് വെള്ളമെത്തുക. ഏതാനും ദിവസങ്ങൾക്കുശേഷം വലതുകര പ്രധാന കനാലിലേക്കും ജലമൊഴുക്കും. കഴിഞ്ഞവർഷം ഫെബ്രുവരി 20-നാണ് കനാൽ തുറന്നത്.
പെരുവണ്ണാമൂഴി ഡാമിൽ സപ്പോർട്ട് ഡാം നിർമിക്കുന്നതിന്റെ ഭാഗമായി ഡാം സൈറ്റിലുള്ള കനാൽ പുനർനിർമിക്കുന്നുണ്ട്. അതുകാരണമാണ് ഇത്തവണ ജലവിതരണം വൈകിയത്. കനാലിലേക്ക് വെള്ളമൊഴുക്കുന്ന ഭാഗംമാത്രം അടിയന്തരമായി പണി നടത്തിയാണ് 24-നുതന്നെ ജലവിതരണം തുടങ്ങാൻ സംവിധാനമൊരുക്കിയത്. 603 കിലോമീറ്റർ നീളത്തിലാണ് കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽശൃംഖല.
വലതുകര പ്രധാന കനാലിന് 34.27 കിലോമീറ്ററും ഇടതുകര പ്രധാന കനാലിന് 42.02 കിലോമീറ്ററുമാണ് നീളം. വലതുകര കനാലിന് വേളം, തൂണേരി, മണിയൂർ, അഴിയൂർ എന്നിങ്ങനെയും ഇടതുകര കനാലിന് കക്കോടി, കല്ലൂർ, നടുവത്തൂർ, അയനിക്കാട്, തിരുവങ്ങൂർ, ഇരിങ്ങൽ എന്നിങ്ങനെയും ബ്രാഞ്ച് കനാലുകളുമുണ്ട്.