റേഷൻകാർഡുമായി ആധാർ ബന്ധിപ്പിക്കാതെ ഗുണഭോക്താക്കൾ



എലത്തൂർ : പൊതുവിതരണ സംവിധാനം (പി.ഡി.എസ്.) വഴി ഭക്ഷ്യധാന്യം ലഭിക്കുന്നത് ഉറപ്പാക്കാൻ റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശം ചെവിക്കൊള്ളാതെ ജില്ലയിൽ 85,612 ഗുണഭോക്താക്കൾ. ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കാനുള്ള നടപടികളോടാണ് ഗുണഭോക്താക്കൾ മുഖംതിരിക്കുന്നത്. റേഷൻകാർഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഭക്ഷ്യവകുപ്പ് പലതവണ നീട്ടിനൽകിയിരുന്നു.

സബ്സിഡിനിരക്കിലുള്ള ഭക്ഷ്യധാന്യം നിലവിൽ ശരാശരി 97 ശതമാനം കാർഡുടമകളും കൈപ്പറ്റുന്നതായാണ് കണക്ക്. കേന്ദ്രം നിലപാട് കടുപ്പിച്ചാൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത എ.എ.വൈ., പി.എച്ച്.എച്ച്. വിഭാഗത്തിലെ ഗുണഭോക്താക്കളുടെ ഭക്ഷ്യവിഹിതം നഷ്ടപ്പെടും. ഈവിഭാഗങ്ങളിൽമാത്രം 27,869 ഗുണഭോക്താക്കളാണ് ഭക്ഷ്യവകുപ്പിന്റെ നടപടികളോട് സഹകരിക്കാത്തത്. 

  • ജില്ലയിലെ ആകെ കാർഡുടമകൾ: 8,03,444
  • ആകെ റേഷൻ ഗുണഭോക്താക്കൾ: 32,55,314
  • ആധാർ ലിങ്കിങ് നടത്തിയവർ: 31,69,702

വേഗം ബന്ധിപ്പിക്കണം

റേഷൻകാർഡുമായി ആധാർ ബന്ധിപ്പിക്കാത്ത ഗുണഭോക്താക്കൾ എത്രയുംവേഗം അത് പൂർത്തിയാക്കണം. റേഷൻകടകളിൽ ഇതിനുള്ള സൗകര്യമുണ്ട്. കടയിലെ ജീവനക്കാർക്ക് ഇതിനുള്ള പരിശീലനം നൽകിയിട്ടുണ്ട്. അക്ഷയകേന്ദ്രം വഴിയും ആധാർ ലിങ്കിങ് നടത്താം. നടപടികൾ പൂർത്തിയാവുന്നതോടെ ഒന്നിലധികം കാർഡിൽ പേരുള്ളവരെ കണ്ടുപിടിക്കാനും അനർഹരായവരെ ഒഴിവാക്കാനും കഴിയും.

കെ. രാജീവ് , ജില്ലാ സപ്ലൈ ഓഫീസർ


Previous Post Next Post