സർവീസുകൾ കുറഞ്ഞിട്ടും കരിപ്പൂരിനെ കൈവിടാതെ യാത്രക്കാർ ; വലിയ വിമാനങ്ങളുടെ സർവീസിന് തടസ്സം ഇനി എന്ത്.?


കരിപ്പൂർ ∙ റണ്‍വേ ബലപ്പെടുത്തിയ കോഴിക്കോട് വിമാനത്താവളം 2018 മുതല്‍ പഴയ വിമാനത്താവളമല്ല. സൗകര്യങ്ങളിലും സാങ്കേതിക മികവിലും അടിമുടി മാറിയിട്ടുണ്ട്. വിമാനാപകടത്തിനു കാരണം ഭൗതിക സാഹചര്യങ്ങളല്ല എന്ന റിപ്പോര്‍ട്ടും വന്നു. വലിയ വിമാനങ്ങളുടെ സർവീസിന് ഇനി തടസ്സമെന്ത് എന്ന ചോദ്യമാണ് കോഴിക്കോട് വിമാനത്താവളം ഉന്നയിക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ വലിയ വിമാന സർവീസ് സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മണ്ണും മനസ്സും നൽകി ജനകീയ വിമാനത്താവളം യാഥാർഥ്യമാക്കിയ നാട്ടുകാരും പ്രവാസികളും.

സാങ്കേതിക വിദഗ്ധരുടെ അഭിപ്രായങ്ങളും ലോകത്തു ചെറിയ റൺവേയുള്ള വിമാനത്താവളങ്ങളുടെ സ്ഥിതിവിവരം താരതമ്യപ്പെടുത്തുകയും ചെയ്യുമ്പോൾ അതു ബോധ്യപ്പെടുമെന്നു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. 2018ല്‍ റണ്‍വേയുടെ റീ കാര്‍പ്പറ്റിങ് പൂർത്തിയായപ്പോള്‍ ഭാരമുള്ള വിമാനങ്ങളിറങ്ങാന്‍ ശേഷിയുള്ള വിമാനത്താവളമായി കരിപ്പൂര്‍ മാറിയിരുന്നു. അതിനൊപ്പം സാങ്കേതികമായും ഒട്ടേറെ വളർന്നു.


വൈമാനികർക്കു റൺവേ കാണുന്നതിനും ആശയവിനിമയം എളുപ്പമാക്കുന്നതിനും റഡാറുമായി ബന്ധിപ്പിച്ചുള്ള എ‍‍ഡിഎസ്ബി (ഓട്ടോമാറ്റിക് ഡിപ്പൻഡന്റ് സർവൈലൻസ് -ബ്രോഡ്കാസ്റ്റ്) സംവിധാനം, പ്രതികൂല കാലാവസ്ഥയിൽ വിമാനം ഇറക്കാൻ 2 പുതിയ ഐഎൽഎസ് (ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം), വൈമാനികരും ആകാശ ഗതാഗത നിയന്ത്രണ വിഭാഗവും തമ്മിലുള്ള ആശയ വിനിമയത്തിന് ആധുനിക ഡിവിഒആർ, റൺവേയിൽ വിമാനമിറക്കാൻ രാത്രിയിൽ സഹായകമാകുന്ന സിംപിൾ ടച്ച് സോണൽ ലൈറ്റ് ഉൾപ്പെടെ പ്രകാശ സംവിധാനങ്ങൾ.

വലിയ വിമാനങ്ങൾക്കു പാര്‍ക്കിങ് ബേയില്‍ എളുപ്പത്തിലെത്താന്‍ റൺവേയിൽനിന്നു പാർക്കിങ് ബേയിലേക്കു തിരിക്കുന്ന വഴി വീതി കൂട്ടി. പുതിയ ടെർമിനൽ, കൂടുതൽ എയ്റോ ബ്രിജുകൾ തുടങ്ങിയ സൗകര്യങ്ങൾ വേറെയും. ചുറ്റും മലനിരകളായതിനാല്‍ സുരക്ഷയ്ക്കായി അവിടെ ലീഡിങ്, ഒബസ്ട്രക്‌ഷന്‍ ലൈറ്റുകള്‍ സ്ഥാപിച്ചു.

യാത്രക്കാർ കരിപ്പൂരിന്റെ കരുത്ത്

2020 ഓഗസ്റ്റ് 7 മുതൽ തുടങ്ങിയ വിലക്ക് ഒന്നര വർഷം പിന്നിട്ടു. അതിനു മുൻപ്, 2020 മാർച്ച് മുതൽ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽത്തന്നെ വിമാന സർവീസുകൾ കുറഞ്ഞിരുന്നു. എന്നിട്ടും യാത്രക്കാർ കരിപ്പൂരിനെ കൈവിട്ടില്ല. രാജ്യത്താകെ രാജ്യാന്തര സർവീസുകൾക്കു പ്രതിസന്ധി നേരിട്ട 2020 മേയ് മുതൽ 2021 മേയ് വരെയുള്ള കാലയളവിൽ ഗൾഫ് നാടുകളിൽനിന്നു കൂടുതൽ പ്രവാസികളും കുടുംബങ്ങളും രാജ്യത്തു തിരിച്ചെത്തിയതു കേരളത്തിലാണ്. അവരിൽ കൂടുതൽ പേർ ആശ്രയിച്ചതു കോഴിക്കോട് വിമാനത്താവളത്തെയായിരുന്നു. അതുതന്നെയാണു കരിപ്പൂരിന്റെ കരുത്ത്.


Previous Post Next Post