ഫറോക്ക് : നീണ്ട കാത്തിരിപ്പിനുശേഷം ഫറോക്ക് ടിപ്പു കോട്ടയിൽ ഉത്‌ഖനന നടപടികൾ തുടങ്ങുന്നതിന് കേന്ദ്ര പുരാവസ്തുവകുപ്പിന്റെ അനുമതി. കോട്ടയിൽ കൂടുതൽ പര്യവേഷണം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തുവകുപ്പ് കേന്ദ്ര പുരാവസ്തുവകുപ്പിന് ഉത്‌ഖനന ലൈസൻസിനായി അപേക്ഷ നൽകിയിരുന്നു. മൂന്നുദിവസംമുമ്പാണ് അനുമതി ലഭിച്ചത്. കോട്ടയുടെ മണ്ണിലുറങ്ങുന്ന ചരിത്രം തേടിയുള്ള യാത്രയ്ക്ക് ഇതോടെ വഴിതെളിഞ്ഞു. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഉദ്യാഗസ്ഥനും പുരാവസ്തുവകുപ്പ് മലബാർ ഫീൽഡ് സർവേ അസിസ്റ്റൻറുമായ കെ. കൃഷ്ണ രാജിന്റെ നേതൃത്വത്തിൽ മാർച്ച് പതിനഞ്ചോടെ ഉത്‌ഖനനം ആരംഭിച്ചു.
കോട്ടയും അനുബന്ധവസ്തുക്കളും സ്വകാര്യവ്യക്തികളുടെ കൈകളിലായിരുന്നു. 1991 നവംബറിൽ അന്നത്തെ സർക്കാർ ടിപ്പു കോട്ടയെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. എന്നാൽ, തുടർനടപടികളുണ്ടായില്ല. 2010-ൽ ഫറോക്ക് കൾച്ചറൽ കോ-ഓർഡിനേഷൻ കമ്മിറ്റി സ്മാരകത്തിന്റെ രക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചു. നീണ്ട പത്തുവർഷത്തെ നിയമ നടപടിക്കുശേഷം 2020 മേയ് 19-ന് ഹൈക്കോടതി സംരക്ഷിത സ്മാരകത്തിലെ ഉത്‌ഖനന സാധ്യത പരിശോധിച്ച് പര്യവേഷണം നടത്താനും ആറുമാസത്തിനകം റിപ്പേർട്ട് സമർപ്പിക്കാനുമുള്ള അനുമതി പുരാവസ്തുവകുപ്പിന് നൽകി. ഒക്ടോബർ ഒമ്പതിന് കെ. കൃഷ്ണ രാജിന്റെ നേതൃത്വത്തിൽ പര്യവേഷണ നടപടികൾക്ക് തുടക്കമിട്ടു. പര്യവേഷണത്തിൽ കോട്ടയിൽനിന്ന് ലഭിച്ച വസ്തുക്കളുടെ പൂർണവിവരം കോടതിയിൽ സമർപ്പിച്ചിരുന്നു. തുടർന്നുള്ള ഗഹനമായ ഉത്‌ഖനനത്തിനുവേണ്ടി പുരാവസ്തുവകുപ്പ് കേന്ദ്ര പുരാവസ്തുവകുപ്പിന് ലൈസൻസിനായി അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അനുമതിയാണ് ഇപ്പോൾ ലഭിച്ചത്. മൂന്ന് കാലഘട്ടത്തിന്റെ ചരിത്രമാണ് ചുരളഴിയാനിരിക്കുന്നത്. മഹാശിലായുഗ കാലഘട്ടത്തിലെ ഗുഹ, ടിപ്പു കാലഘട്ടത്തിലെ ഭൂഗർഭ അറ, ബ്രീട്ടീഷ് കാലഘട്ടത്തെ ബംഗ്ലാവ് എല്ലാം ഇന്നും ഇവിടെ തലയുയർത്തി നിൽക്കുന്നു. മണ്ണിന്റെ അടിത്തട്ടിൽ ഇനിയും ഉറങ്ങുന്ന ചരിത്രമറിയാൻ ജി.പി.ആർ. സർവേ വിഭാഗത്തിന്റെ പരിശോധന കോട്ടയിൽ നടന്നിരുന്നു.
നാൽപ്പത്തിയേഴ് സ്ഥലങ്ങളിലാണ് സംഘം മണ്ണിനടിയിലെ സൂചകങ്ങൾ പുരാവസ്തുവകുപ്പിന് അടയാളപ്പെടുത്തി നൽകിയത്. ഇവിടെയും കുഴിയെടുത്തുള്ള പരിശോനയ്ക്കാണ് പുരാവസ്തുവകുപ്പ് തയ്യാറെടുക്കുന്നത്.
7.74 ഏക്കർ ഭൂമിയിലാണ് കോട്ടയും അനുബന്ധവസ്തുക്കളും സ്ഥിതി ചെയ്യുന്നത്. കോട്ടയിലെ പ്രാഥമിക പരിശോധനയിൽതന്നെ ബ്രിട്ടീഷ് നിർമിത ചെമ്പുനാണയം, പിഞ്ഞാണപാത്രം, ചൈനീസ് പിഞ്ഞാണപാത്രം, ഭൂഗർഭ അറയിൽനിന്ന് നാണയം പുറത്തിറക്കിയതിന്റെ കളിമൺ മോൾഡ് എന്നിവ ലഭിച്ചിരുന്നു. ഇവിടത്തെ പരിശോധനയ്ക്കുശേഷമാണ് ഭീമൻ കിണർ വൃത്തിയാക്കൽ തുടങ്ങിയത്.
കിണർ പടികളിൽവെച്ച് ഡച്ച് നിർമിത വി.ഒ.സി. നാണയം ലഭിച്ചു. കൂടാതെ കോട്ടയുടെ പടിഞ്ഞാറുഭാഗത്തുനിന്ന് ആയുധപ്പുര നിലനിന്നതിന്റെ തെളിവുകളും ലഭിച്ചിരുന്നു. ഇവിടെനിന്ന് വെടിയുണ്ടകളും കണ്ടെടുത്തിരുന്നു.ഉത്ഖനനത്തിന് വേഗം കൂടും
കേന്ദ്ര പുരാവസ്തുവകുപ്പിന്റെ ലൈസൻസ് ലഭിച്ചതോടെ സംസ്ഥാന പുരാവസ്തുവകുപ്പിന്റെ ഉത്ഖനന പ്രവർത്തനങ്ങൾക്ക് ഊർജവും വേഗതയും കൂടും. ചരിത്രത്തിന്റെ നഷ്ടമായ താളുകൾ കൂട്ടിയോജിപ്പിക്കുന്നതിന് ഇത് സഹായകമാവും. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് കേരളത്തിലെ ഒരു പ്രധാന ചരിത്ര വിനോദസഞ്ചാരകേന്ദ്രമാക്കി ഉയർത്തിക്കൊണ്ടുവരുന്നതിൽ പ്രധാന ശ്രദ്ധകൂടി വേണം.