കുറ്റ്യാടി ആസ്ഥാനമായി ഫയർസ്‌റ്റേഷൻ: ആവശ്യം ശക്തമാകുന്നു



കുറ്റ്യാടി : കിഴക്കൻ മലയോരപ്രദേശത്തിന്റെ ആസ്ഥാനമായ കുറ്റ്യാടി കേന്ദ്രമായി ഒരു ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. തീപ്പിടിത്തവും, പ്രകൃതിക്ഷോഭവും നിരന്തരമായി വേട്ടയാടുന്ന മലയോരമേഖലയിൽ അഗ്നിരക്ഷസേനാ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യത്തെ സാധൂകരിക്കുന്നതാണ് ആഴ്ചകൾക്കുമുമ്പ് കുറ്റ്യാടി അങ്ങാടിയെ നടുക്കിയ വൻ തീപ്പിടിത്തം. കുറ്റ്യാടിച്ചുരം, തൊട്ടിൽപ്പാലം, മരുതോങ്കര, കായക്കൊടി, വേളം, ചങ്ങരോത്ത് ഉൾപ്പെട്ട ദുരന്തസാധ്യതയുള്ള മേഖലയ്ക്ക് ഫയർ സ്റ്റേഷൻ ഉപകാരപ്പെടും.

നിലവിൽ ചേലക്കാട്, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കിലോമീറ്ററുകൾ താണ്ടി അത്യാവശ്യഘട്ടത്തിൽ സേനയെത്തുന്നത്. പലപ്പോഴും ദുരന്തങ്ങൾ തുടർക്കഥയായ മേഖലയിൽ എത്തിപ്പെടാനുള്ള സമയം അപകടങ്ങളുടെ തീവ്രത കൂട്ടുന്നു. ചുരം റോഡ് പോലുള്ള ദുർഘടവഴികളിൽകൂടി നല്ലഭാരമുള്ള അഗ്നിശമന സേനയുടെ വാഹനങ്ങൾ എത്തിപ്പെടുന്നത് ഏറെ സമയമെടുത്താണ്. അപ്പോഴേക്കും അപകടസ്ഥലത്ത് കാര്യമായി എന്തെങ്കിലും സംഭവിച്ചിരിക്കും.


കുറ്റ്യാടി ടൗണിന്റെ ഹൃദയഭാഗത്ത് ഒരു നാടിനെ ഒന്നായി ഞെട്ടിച്ച തീപ്പിടിത്തം ഉണ്ടായപ്പോൾ ജനങ്ങളുടെ സമയോചിത ഇടപെടലായിരുന്നു വൻദുരന്തം ഒഴിവാക്കിയത്. വടകര, ചേലക്കാട്, പേരാമ്പ്ര തുടങ്ങിയ യൂണിറ്റുകളിൽനിന്നും ഫയർഫോഴ്‌സ് എത്തി മണിക്കൂറുകൾനീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്. കാലവർഷം കലിതുള്ളിയ പോയവർഷക്കാലത്തും കുറ്റ്യാടിമേഖലയിൽ നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത്, കുറ്റ്യാടി എമർജൻസി ടീം, ജനകീയ ദുരന്തനിവാരണസേന, റെഡ്ക്രോസ് കുറ്റ്യാടി ചാപ്റ്റർ, മലബാർ ഡെവലപ്‌മെന്റ് ഫോറം തുടങ്ങിയ സന്നദ്ധസംഘടനകൾ കുറ്റ്യാടി ആസ്ഥാനമായി ഫയർസ്റ്റേഷൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.

പുതിയ ഫയർസ്റ്റേഷനുകൾ ആരംഭിക്കുന്നതിന് തീരുമാനമെടുക്കുന്ന ഘട്ടത്തിൽ കുറ്റ്യാടിയിൽകൂടി അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ.യുടെ സബ്മിഷന് നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു. കുറ്റ്യാടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകുന്ന തീപ്പിടുത്തം, കുറ്റ്യാടി ചുരത്തിലെ അപകടങ്ങൾ, കാട്ടുതീ, റോഡപകടങ്ങൾ, റോഡിൽ മരം വീണുണ്ടാകുന്ന അപകടങ്ങൾ, ഉരുൾപൊട്ടൽ, മഴക്കെടുതികൾ, കുറ്റ്യാടി പുഴയിലുണ്ടാകുന്ന അപകടങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങളിലെ അപകടങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ഉടനടിയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് കുറ്റ്യാടിയിൽ ഫയർസ്റ്റേഷൻ വേണമെന്നായിരുന്നു എം.എൽ.എ. സബ്മിഷനിലൂടെ ഉന്നയിച്ചത്.


Previous Post Next Post