കുറ്റ്യാടി കനാൽ നവീകരണത്തിന് 180 കോടിയുടെ പദ്ധതി; അടിയന്തരമായി പുനർനിർമിക്കാൻ 20 ലക്ഷംകുറ്റ്യാടി : കുറ്റ്യാടി ജലസേചനപദ്ധതിയുടെ പ്രധാന കനാലുകളും കനാൽശൃംഖലകളും മറ്റും പുനർനിർമിക്കുന്നതിനും ബലപ്പെടുത്തുന്നതിനുമായി 180 കോടിയുടെ പദ്ധതി പരിഗണനയിലുള്ളതായി ഇ.കെ. വിജയൻ എം.എൽ.എ.യുടെ സബ്മിഷന് മറുപടിയായി ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു.


മരുതോങ്കരയിലെ മുണ്ടക്കുറ്റിയിൽ പദ്ധതിയുടെ പ്രധാന കനാൽ തകർന്ന് ജലവിതരണം മുടങ്ങുകയും കൃഷിസ്ഥലം നശിക്കുകയും ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയുള്ള എം.എൽ.എ.യുടെ സബ്മിഷന് അനുബന്ധമായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തകർന്ന കനാൽ പുനർനിർമിക്കാൻ 20 ലക്ഷംരൂപ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. കൂടുതൽ തുക ആവശ്യമായി വരുന്ന പക്ഷം ഇതു സംബന്ധിച്ച് ശുപാർശ സർക്കാരിലേക്ക് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.


50 വർഷത്തിലേറെ പഴക്കമുള്ള കുറ്റ്യാടി പദ്ധതിയുടെ കനാലുകളും മറ്റും നവീകരിക്കേണ്ടതിനായി ഫെബ്രുവരി 22-ന് വകുപ്പ് സമർപ്പിച്ച പദ്ധതി സംബന്ധിച്ച് ജലവിഭവവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച നടത്തിയിരുന്നു. അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികൾക്ക് മുൻഗണന നൽകിയും പൂർത്തീകരണ കാലാവധി വ്യക്തമാക്കിയും ശുപാർശ സമർപ്പിക്കാൻ തീരുമാനമെടുത്തതിനിടയിലാണ് മാർച്ച് ആറിന് അർധരാത്രിയിൽ പ്രധാന കനാൽ പൊട്ടുന്നത്.
Previous Post Next Post