തിരുവനന്തപുരം : കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ സമഗ്ര നടപടികളുമായി സംസ്ഥാന സർക്കാർ. മാനസികാരോഗ്യകേന്ദ്രം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു.
പഴയ കെട്ടിടങ്ങളും ദീർഘകാലംമുമ്പുള്ള സ്റ്റാഫ് പാറ്റേണുമാണ് സ്ഥാപനത്തിൽ തുടരുന്നത്. നിലവിലുള്ള ഒഴിവുകളിലേക്ക് ഒരുമാസത്തിനകം നിയമനം നടത്താൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിർദേശിച്ചു. വാച്ച്മാൻമാരുടെ തസ്തിക 24 ആയി ഉയർത്തും. ഇതിന് 20 അധിക തസ്തികകൾ സൃഷ്ടിക്കും. കുക്കിന്റെ തസ്തിക നിലനിർത്തും. കുക്കിന്റെ എട്ടു തസ്തികകളിൽ ഒഴിവുള്ളവയിൽ നിയമനം നടത്തും.
അക്രമസ്വഭാവമുള്ള അന്തേവാസികളെ പരിചരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങളും വൈദഗ്ധ്യവും ഉള്ളവരെ നിയമിക്കും. ആശുപത്രി കോമ്പൗണ്ടിനുള്ളിൽ സഞ്ചരിച്ച് നിരീക്ഷണം നടത്താൻ സംവിധാനമുണ്ടാക്കും. സി.സി.ടി.വി. നിരീക്ഷിക്കുന്നതിന് ജീവനക്കാരെ നിയമിക്കും. ചുറ്റുമതിലിന്റെ ഉയരം എട്ടടിയായെങ്കിലും ഉയർത്തി വൈ ആകൃതിയിലുള്ള ബാർബിഡ് വയർ ഫെൻസിങ് സ്ഥാപിക്കും. മാനസികാരോഗ്യകേന്ദ്രങ്ങളിൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആർ.എം.ഒ. തസ്തികകളിൽ പ്രത്യേക പരിജ്ഞാനമുള്ള ഡോക്ടർമാരെ നിയമിക്കും.
ആശുപത്രി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 400 കോടിരൂപയുടെ മാസ്റ്റർപ്ലാനും 100 കോടിരൂപയുടെ ഡി.പി.ആറും അംഗീകരിക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ്. ഡി.പി.ആർ. അംഗീകാരത്തിനാവശ്യമായ സാങ്കേതിക കാര്യങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ കിറ്റ്‌കോയ്ക്ക് നിർദേശം നൽകും.
മെഡിക്കൽ കോളേജുകളിൽ കൂട്ടിരിപ്പിന് മാനസികാരോഗ്യകേന്ദ്രം ജീവനക്കാരെ നിയോഗിക്കുന്നതിനു പകരം സന്നദ്ധസേനാ വൊളന്റിയർമാരുടെ സേവനം പ്രയോജനപ്പെടുത്തൽ ഉൾപ്പെടെയുള്ള ഇതരസംവിധാനങ്ങൾ ഒരുക്കണം. രോഗം പൂർണമായി ഭേദമായ വനിതകളെ പുനരധിവസിപ്പിക്കുന്നതിന് സാമൂഹ്യക്ഷേമവകുപ്പ് പ്രത്യേകം മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
യോഗത്തിൽ ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജ്, മ്യൂസിയം പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കോഴിക്കോട് കളക്ടർ തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു.