‘വുമൺ ട്രാവൽ വീക്ക്; ട്രിപ്പുകളിൽ ഒന്നാമതെത്തി താമരശ്ശേരി ‍ഡിപ്പോ


താമരശ്ശേരി: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെൽ സംഘടിപ്പിച്ച ‘വുമൺ ട്രാവൽ വീക്ക്’ വിനോദയാത്രയിൽ ട്രിപ്പുകളുടെ എണ്ണത്തിൽ റെക്കോഡിട്ട് താമരശ്ശേരി ഡിപ്പോ. വനിതകൾക്ക്‌ മാത്രമായി മാർച്ച് എട്ടുമുതൽ 13 വരെ 24 ഡിപ്പോകൾ കേന്ദ്രീകരിച്ച്‌ സംഘടിപ്പിച്ച ബജറ്റ് ടൂറിസം സർവീസിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ട്രിപ്പുകൾ നടത്തിയത് താമരശ്ശേരിയാണ്. പതിനേഴ് ബസുകളിലായി 650 വനിതകൾക്കാണ് വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്നും ഉല്ലാസയാത്രയ്ക്ക് സൗകര്യമൊരുക്കിയത്.

നെല്ലിയാമ്പതിയിലേക്ക് പത്ത് ബസും മൂന്നാറിലേക്ക് നാലു ബസും വയനാട്ടിലേക്കും രണ്ടു ബസും എറണാകുളത്തേക്ക് (വണ്ടർലാ, ലുലുമാൾ, കൊച്ചി മെട്രോ) ഒരു സർവീസുമാണ് വനിതകൾക്കായി സംഘടിപ്പിച്ചത്. ഇതിനുപുറമേ മലക്കപ്പാറയിലേക്കും മൂന്നാറിലേക്കും ഓരോ ജനറൽ ബജറ്റ് ടൂറിസം സർവീസും ഇക്കാലയളവിൽ സംഘടിപ്പിച്ചു. ഇവയിൽ നിന്നെല്ലാമായി 7,37,800 രൂപയാണ് താമരശ്ശേരി ഡിപ്പോ വരുമാനമുണ്ടാക്കിയത്. വരുമാനനേട്ടത്തിന്റെ കാര്യത്തിലും ഡിപ്പോ മുന്നിലാണ്.


പാലക്കാട് ഡിപ്പോയാണ് ട്രിപ്പുകളുടെ എണ്ണത്തിൽ തൊട്ടുപിറകിലുള്ളത്. 14 ട്രിപ്പുകളിലായി 524 യാത്രികരാണ് ഇവിടെനിന്നും ‘വനിതാ യാത്രാ വാര’ത്തിന്റെ ഭാഗമായത്. 491 വനിതകൾ പത്ത് ബസുകളിലായി വിനോദയാത്ര നടത്തിയ ചാലക്കുടി ഡിപ്പോയാണ് മൂന്നാംസ്ഥാനത്ത്. കണ്ണൂർ (8), നെയ്യാറ്റിൻകര (7), ചേർത്തല (6), മലപ്പുറം (5), കോട്ടയം, നിലമ്പൂർ (4വീതം), കൊല്ലം, പെരിന്തൽമണ്ണ, വയനാട് (3 വീതം), ആലപ്പുഴ, എറണാകുളം, മാവേലിക്കര, വെള്ളനാട് (2 വീതം) എന്നിങ്ങനെയാണ് മറ്റു ഡിപ്പോകൾ കേന്ദ്രീകരിച്ചുള്ള ട്രിപ്പുകളുടെ എണ്ണം. ബത്തേരി, ഹരിപ്പാട്, കോതമംഗലം, കൊട്ടാരക്കര, നെടുമങ്ങാട്, തിരുവല്ല, തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഓരോ സർവീസുകൾ മാത്രമാണ് നടന്നത്. ആകെ 4371 വനിതകളാണ് ഈ യാത്രയുടെ ഭാഗമായത്.

ഇനി മലക്കപ്പാറയുടെ ഭംഗിനുകരാം

മലക്കപ്പാറയിലേക്ക് കാടുംപുഴയുംമലയും വെള്ളച്ചാട്ടങ്ങളും കണ്ട് ആസ്വദിച്ചുള്ള വിനോദയാത്രയ്ക്ക് ആനവണ്ടിയിലേറി ഇനി പോവാം. ബുക്കിങ് അനുസരിച്ച് അവധിദിനങ്ങളിൽ താമരശ്ശേരി കെ.എസ്.ആർ.ടി.സി.യിൽനിന്ന് മലക്കപ്പാറയിലേക്ക് ബജറ്റ് സർവീസുകൾ നടത്താനാണ് ഡിപ്പോ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ആളൊന്നിന് 900 രൂപയാണ് യാത്രാനിരക്ക്. എൻട്രി ഫീസും ഭക്ഷണച്ചെലവും യാത്രക്കാർ വഹിക്കണം.



തുമ്പൂർമുഴി, ആതിരപ്പിള്ളി വെള്ളച്ചാട്ടം, ചാർപ്പ, വാഴച്ചാൽ, ഷോളയാർ ഡാം എന്നിവിടങ്ങളിലെ സന്ദർശനശേഷം മലക്കപ്പാറയിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്രാപാക്കേജ്.
Previous Post Next Post