ഈങ്ങാപ്പുഴ അങ്ങാടിയിൽ ഗതാഗതപരിഷ്കാരം


പുതുപ്പാടി : ഈങ്ങാപ്പുഴ അങ്ങാടിയിൽ ഗതാഗതപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ഗതാഗതപരിഷ്കാരം ഏർപ്പെടുത്തി.

ട്രാഫിക് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ദേശീയപാതയിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റിയിറക്കാൻ പാടില്ലെന്ന് യോഗം നിർദേശിച്ചു. കാക്കവയൽ റോഡ് ജങ്ഷൻ മുതൽ ഈങ്ങാപ്പുഴപാലം വരെയുള്ള ഭാഗത്ത് സ്വകാര്യവാഹനങ്ങൾ നിർത്തിയിടാൻ പാടില്ല. ബസ് സ്റ്റാൻഡിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന റോഡിനിടയിൽ മൂന്നു ഓട്ടോകൾ മാത്രമേ ഒരേസമയത്ത് നിർത്തിയിടാവൂ. ബാക്കി ഓട്ടോകൾ ബൈപ്പാസിൽ പാർക്കുചെയ്യണം.


കണ്ണാശുപത്രിയുടെ പ്രവേശനഭാഗത്ത് പിറകിലായി ഒരു ഓട്ടോറിക്ഷമാത്രം നിർത്താം. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയുള്ള സമയങ്ങളിൽ ബസുകൾ സ്റ്റാൻഡിൽ കയറ്റണം. റിക്വസ്റ്റ് സ്റ്റോപ്പ് മാത്രമുള്ള ദീർഘദൂരവാഹനങ്ങൾക്ക് നിർത്താൻ ടോം മെഡിക്കൽസിന് മുൻഭാഗത്തുള്ള സ്ഥലം ഉപയോഗപ്പെടുത്തും.


 പരിധിയിൽ കവിഞ്ഞുള്ള ഓട്ടോകൾക്ക് സ്റ്റാൻഡിനകത്തും പൊതുകിണറിന്റെ വലതുഭാഗത്തും കാക്കവയൽ ബൈപ്പാസിന്‍റെ ഒരുവശത്തും നിർത്തിയിടാം. ഓരോ വ്യാപാരസ്ഥാപനങ്ങൾക്കുമുന്നിലും മാലിന്യമിടാൻ സ്വയംസംവിധാനമൊരുക്കണം. ഈപ്രദേശങ്ങളിൽ നടപ്പാതയിൽ കച്ചവടം പാടില്ലെന്നും യോഗം നിഷ്കർഷിച്ചു.
Previous Post Next Post