മറിപ്പുഴ-കുണ്ടൻതോട് ജലവൈദ്യുത പദ്ധതി: സ്ഥലമെടുപ്പ് അന്തിമ ഘട്ടത്തിൽ

 

തിരുവമ്പാടി: ആനക്കാംപൊയിൽ മറിപ്പുഴ – കുണ്ടൻതോട് മിനി വൈദ്യുത പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് അന്തിമ ഘട്ടത്തിൽ. തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകളിലായി ഇരുവഞ്ഞിപ്പുഴയുടെ ഇരു കരകളിലെയും 15.15 ഹെക്ടറാണു പദ്ധതിക്ക് ഏറ്റെടുക്കേണ്ടത്. ഇതിൽ ഭൂരിപക്ഷം സ്ഥലവും ഇതിനകം മികച്ച വില നൽകി കെഎസ്ഇബി ഏറ്റെടുത്തു. ബാക്കി ഭൂമി ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഏറെക്കാലമായി റജിസ്ട്രേഷൻ നടപടികൾ മുടങ്ങിയതിനാൽ ദുരിതം നേരിടുന്ന പ്രദേശവാസികൾക്ക് സ്ഥലം ഏറ്റെടുക്കൽ ആശ്വാസമായി. 30പേരുടെ സ്ഥലമാണു പദ്ധതിക്കു വേണ്ടത്. ഇതിൽ 25 പേരുടെ സ്ഥലം ഏറ്റെടുത്തു. ഇനി ഏറ്റെടുക്കാനുള്ളതിൽ 3 ആദിവാസി കുടുംബങ്ങളും ഉണ്ട്. ഒരാൾ കോടതിയെ സമീപിച്ചതിനാൽ ഇതിൽ സമവായശ്രമം നടക്കുന്നുണ്ട്.


മുൻ കലക്ടർ യു.പി.ജോസിന്റെ നേതൃത്വത്തിൽ 2018ലാണു ഭൂമിക്ക് മോഹവില നൽകാൻ കെഎസ്ഇബി തീരുമാനിച്ചത്. പല കാരണങ്ങൾ കൊണ്ടും നടപടി നീണ്ടു പോയി. പദ്ധതി നടപ്പാക്കുന്നതു മൂലം കോടഞ്ചേരി പഞ്ചായത്തിലെ കുണ്ടൻതോട് പ്രദേശത്തേക്കു രണ്ട് പാലങ്ങളും കെഎസ്ഇബി നിർമിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. 6.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന മറിപ്പുഴ– കുണ്ടൻതോട് പദ്ധതിയുടെ ആലോചന 2006ൽ തുടങ്ങിയതാണെങ്കിലും പദ്ധതി നീണ്ടുപോയി. മറിപ്പുഴ ഭാഗത്തു വെള്ളം തടഞ്ഞു നിർത്തി കനാൽ വഴി രണ്ട് കിലോമീറ്റർ താഴെ മുത്തപ്പൻപുഴയിലെ പവർ ഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദനം.


നിർദിഷ്ട ആനക്കാംപൊയിൽ –കള്ളാടി – മേപ്പാടി തുരങ്കപ്പാതയുടെ സമീപത്താണു പദ്ധതി. 150 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. മന്ദഗതിയിൽ ആയിരുന്ന പദ്ധതി പ്രവർത്തനങ്ങൾ മുൻ മന്ത്രി എം.എം.മണിയുടെ ഇടപെടലിനെ തുടർന്നാണു വേഗത്തിലായത്. മുൻ എംഎൽഎ ജോർജ് എം. തോമസ്, ലിന്റോ ജോസഫ് എംഎൽഎ, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ ഇടപെട്ടു. ജനകീയ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് ജനപ്രതിനിധികളെയും മന്ത്രിമാരെയും നേതാക്കളെയും ഉദ്യോഗസ്ഥരെയും ഒട്ടേറെത്തവണ കണ്ട് നിവേദനങ്ങളും പരാതികളും നൽകിയിരുന്നതായി ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ബിബിൻ ഏബ്രഹാം അഴകത്ത്, കൺവീനർ സുബിൻ തയ്യിൽ എന്നിവർ പറ‍ഞ്ഞു.
Previous Post Next Post