സ്വകാര്യബസ് പണിമുടക്ക്: രണ്ടാംദിവസവും വലഞ്ഞ് ജനങ്ങൾ


വടകര : നിരക്കുവർധന ആവശ്യപ്പെട്ട് നടക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് നീണ്ടതോടെ വലഞ്ഞ് ജനങ്ങൾ.

കെ.എസ്.ആർ.ടി.സി. ബസുകളും ജീപ്പുകളും സർവീസ് നടത്തിയെങ്കിലും ജനത്തിരക്ക് മാറ്റമില്ലാതെ തുടർന്നു. വിദ്യാർഥികളും യാത്രക്കാരുമടങ്ങുന്ന വലിയ ആൾക്കൂട്ടം മണിക്കൂറുകളോളം പൊരിവെയിലിൽ കാത്തുനിന്ന ശേഷമാണ് യാത്ര ചെയ്യാനായത്. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളെയും സമരം കാര്യമായി ബാധിച്ചു.


നഗരത്തിൽനിന്ന് ഉൾഭാഗങ്ങളിലേക്കുള്ള യാത്രയെസമരം കാര്യമായി ബാധിച്ചു. ചെറിയ ദൂരത്തിൽ സർവീസ് നടത്തുന്ന ഒട്ടേറെ ജീപ്പുകളെ ആശ്രയിച്ചാണ് പലരും യാത്ര തുടർന്നത്. സാധാരണക്കാരുടെ കീശ കാലിയാക്കുന്നതാണ് സമരമെന്നാണ് യാത്രക്കാർ പറയുന്നത്.

സ്വകാര്യബസ് ഉടമകൾ നടത്തുന്ന സമരം ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി. താലൂക്ക് നേതൃയോഗം ആവശ്യപ്പെട്ടു.
Previous Post Next Post