സൂര്യാഘാതം: മുൻകരുതലുകൾ സ്വീകരിക്കണം



കോഴിക്കോട്:സംസ്‌ഥാനത്ത് വെയിലിന്റെ കാഠിന്യം കൂടുകയും അന്തരീക്ഷ താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ സൂര്യാതപവും സൂര്യാഘാതവുമേൽക്കാതിരിക്കാൻ പൊതുജനങ്ങൾ മുൻകരുതലുകളെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

അന്തരീക്ഷ താപം സാധാരണയിൽ കവിഞ്ഞാൽ നമ്മുടെ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും താപം പുറത്ത് കളയുന്നതിന് തടസ്സമുണ്ടാകുകയും ചെയ്തേക്കാം. ഇതുമൂലം ശരീരത്തിലെ പല നിർണ്ണായക പ്രവർത്തനങ്ങളും തകരാറിലായി മരണം വരെ സംഭവിക്കാവുന്ന ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനെയാണ് സൂര്യാഘാതമെന്ന് പറയുന്നത്. ഉയർന്ന അന്തരീക്ഷ ഊഷ്മാവിൽ ശരീരത്തിൽ നിന്ന് ജലവും ലവണങ്ങളും നഷ്ടപ്പെടുകയും ശരീര താപശോഷണം എന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. സൂര്യാഘാത ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഒട്ടും വൈകിക്കാതെ ആശുപത്രിയിലെത്തി ചികിത്സ ലഭ്യമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.



ലക്ഷണങ്ങൾ :

  • ശരീര താപനില 103 ഡിഗ്രി ഫാരൻ ഹീറ്റിന് മുകളിൽ ഉയരുക
  • ശരീരം വറ്റി വരണ്ട് ചുവന്ന് ചൂടായ നിലയിലാകുക
  • ശരീരത്തിൽ ചുവന്ന തടിപ്പുകളോ പാടുകളോ കുമിളകളോ ചൊറിച്ചിലോ ഉണ്ടാകുക
  • നാഡി മിടിപ്പിന്റെ വേഗത കുറയുക
  • പേശീവേദനയും കോച്ചിവലിവും
  • ശക്തമായ തലവേദനയും തലകറക്കവും
  • ശരീരത്തിലുണ്ടാകുന്ന പൊള്ളലുകൾ
  • മാനസികാവസ്ഥയിൽ വ്യതിയാനം
  • അബോധാവസ്ഥ

ആർക്കെങ്കിലും സൂര്യാഘാതമേറ്റെന്ന് സംശയം തോന്നിയാൽ വെയിലത്ത് നിന്ന് തണലത്തേക്ക് മാറ്റുകയും ശരീരം തണുത്ത വെള്ളം കൊണ്ട് തുടയ്ക്കുകയും ചെയ്യുക. ധാരാളം വെള്ളം കുടിക്കാൻ നൽകുക. കട്ടി കുറഞ്ഞ അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക. രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.


സൂര്യാഘാതം എങ്ങനെ പ്രതിരോധിക്കാം...?

  • ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം ശുദ്ധജലം കുടിക്കുക
  • അമിതമായി വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാ വെള്ളം എന്നിവ കുടിക്കുക
  • രാവിലെ 11 മണി മുതൽ ഉച്ചക്ക് 3 മണി വരെ തുറന്ന അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതും വെയിൽ കൊള്ളുന്നതും ഒഴിവാക്കുക
  • കുട്ടികളെ വെയിലത്ത് കളിക്കാൻ വിടുകയോ സ്കൂൾ അസംബ്ലി പോലുള്ള പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യരുത്
  • കട്ടി കുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ കോട്ടൺ വസ്ത്രങ്ങളോ മാത്രം ധരിക്കുക.
  • വീട്, ഓഫീസ് തുടങ്ങിയ ഇടങ്ങളിൽ ജനലുകളും വാതിലുകളും തുറന്നിടുകയും മതിയായ വായുസഞ്ചാരം ഉറപ്പ് വരുത്തുകയും ചെയ്യുക.
  • അടുക്കളയിൽ പാചകം ചെയ്യുന്നവർ ചൂട് കുറയ്ക്കാനായി ജനലുകളും വാതിലുകളും തുറന്നിടുക , വായു പുറത്ത് പോകാനുള്ള സംവിധാനങ്ങൾ ഉപയോഗിക്കുക
  • വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകാതിരിക്കുക.
  • വീടിനുള്ളിൽ കഴിയുന്ന പ്രായമായവരെയും കിടപ്പിലായ രോഗികളെയും ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവയുള്ളവരെയും ഉയർന്ന അന്തരീക്ഷ താപം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Previous Post Next Post