ഐ.എസ്.എൽ: സ്വപ്നം പൂവണിയാതെ ബ്ലാസ്റ്റേഴ്സ്; ഹൈദരാബാദിന് കിരീടം

Pic: twitter.com/Indiansuperleague

പനാജി: കേരള ബ്ലാസ്റ്റേഴ്‌സ് - ഹൈദരാബാദ് എഫ്‌സി ഐഎസ്എല്‍ ഫൈനല്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. നിശ്ചിത സമയത്തിം അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ ഹൈദരാബാദ് 3-1 കേരളത്തെ തകർക്കുകയായിരുന്നു.

68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു. പിന്നീട് ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല.


കളിയുടെ തുടക്കം മുതല്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് താളം കണ്ടെത്തുന്ന കാഴ്ചയായിരുന്നു ഫൈനലില്‍. ആദ്യ പകുതിയില്‍ പന്തടക്കത്തിലും അവസരങ്ങള്‍ ഒരുക്കുന്നതിലും ബ്ലാസ്റ്റേഴ്‌സായിരുന്നു മുന്നില്‍. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ വലതു വിങ്ങിലൂടെയുള്ള മികച്ചൊരു മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഡിഫന്‍ഡര്‍ സന്ദീപ് സിങ് ആദ്യ പകുതിയില്‍ ഒരു സില്ലി ഫൗളിന് മഞ്ഞക്കാര്‍ഡ് വാങ്ങിക്കുകയും ചെയ്തു.

ജംഷേദ്പുരിനെതിരായ സെമിയില്‍നിന്ന് വ്യത്യസ്തമായി പാസിങ് ഗെയിമാണ് ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെതിരേ പുറത്തെടുത്തത്. പന്ത് കൈവശം വെയ്ക്കുന്നതിലായിരുന്നു ടീമിന്റെ ശ്രദ്ധ.

14-ാം മിനിറ്റില്‍ ഹര്‍മന്‍ജോത് ഖബ്ര ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ഫലപ്രദമായി ഉപയോഗിക്കാന്‍ യോര്‍ഗെ ഡയസിന് സാധിച്ചില്ല. 23-ാം മിനിറ്റില്‍ പുട്ടിയ വാസ്‌ക്വസിന് നല്‍കിയ മികച്ചൊരു ത്രൂ ബോള്‍ ആകാശ് മിശ്ര സ്ലൈഡ് ചെയ്ത് രക്ഷപ്പെടുത്തുകയും ചെയ്തു.

39-ാം മിനിറ്റ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തലയില്‍ കൈവെച്ചുപോയ നിമിഷമായിരുന്നു. അല്‍വാരോ വാസ്‌ക്വസിന്റെ ഷോട്ട് ബാറിലിടിച്ച് മടങ്ങി. പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ഫ്രീ കിക്കില്‍ നിന്നുള്ള ജാവിയര്‍ സിവെറിയോയുടെ ഗോളെന്നുറച്ച ഹെഡര്‍ രക്ഷപ്പെടുത്തി പ്രഭ്‌സുഖന്‍ ഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി.


രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിക്കുന്ന ഹൈദരാബാദ് ടീമിനെയാണ് കണ്ടത്. 49-ാം മിനിറ്റില്‍ ജാവോ വിക്ടറിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷിച്ചെടുത്ത് ഗില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷയ്‌ക്കെത്തി. 55-ാം മിനിറ്റില്‍ ഹൈദരാബാദിന് മത്സരത്തിലെ തന്നെ മികച്ച അവസരം ലഭിച്ചു. ഗോള്‍കീപ്പര്‍ ഗില്‍ മാത്രം മുന്നില്‍ നില്‍ക്കേ പന്ത് ലഭിച്ച ഓഗ്‌ബെച്ചെയുടെ ഷോട്ട് ബാറിന് മുകളിലൂടെ പോകുകയായിരുന്നു.

68-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കാത്തിരുന്ന ഗോളെത്തി. ജീക്ക്‌സണ്‍ സിങ് നല്‍കിയ പന്തുമായി മുന്നേറിയ രാഹുലിന്റെ കരുത്തുറ്റ ഷോട്ട് ഹൈദരാഹാദ് ഗോള്‍കീപ്പര്‍ കട്ടിമണിയുടെ കൈയിലുരസി വലയിലെത്തുകയായിരുന്നു.


ഗോള്‍ വീണതോടെ ഹൈദരാബാദ് ആക്രമണം ശക്തമാക്കി. 76-ാം മിനിറ്റില്‍ ഗില്‍ വീണ്ടും രക്ഷയ്‌ക്കെത്തി. ഓഗ്‌ബെച്ചെയുടെ ഷോട്ട് നീണ്ട ഒരു ഡൈവിലൂടെയാണ് ഗില്‍ രക്ഷിച്ചെടുത്തത്.

എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെത്തി. ഹൈദരാബാദിന് ലഭിച്ച ഫ്രീ കിക്ക് ലെസ്‌കോവിച്ച് ക്ലിയര്‍ ചെയ്തത് നേരേ പോയത് സഹിലിന്റെ മുന്നിലേക്ക്. താരത്തിന്റെ കിടിലന്‍ ഷോട്ട് ഗോള്‍കീപ്പര്‍ ഗില്ലിനെ മറികടന്ന് വലയില്‍. നിശ്ചിത സമയത്തും ഇരു ടീമും സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. ഇതിനിടെ കോര്‍ണറില്‍ നിന്നുള്ള ലെസ്‌കോവിച്ചിന്റെ ഹെഡര്‍ ബാറിലിടിച്ചത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. 110-ാം മിനിറ്റില്‍ ഓഗ്‌ബെച്ചെയുടെ ഷോട്ട് ഗോള്‍ ലൈനില്‍ വെച്ച് ലെസ്‌കോവിച്ച് രക്ഷപ്പെടുത്തുകയും ചെയ്തു.
Previous Post Next Post