വയോജന ശാക്തീകരണത്തിനായി കോഴിക്കോട് കോർപ്പറേഷൻ



കോഴിക്കോട് : മുതിർന്ന പൗരന്മാരുടെ ആരോഗ്യ-സാമൂഹിക നിലവാരം മെച്ചപ്പെടുത്താനും മാനസിക-സാമ്പത്തിക പിന്തുണ ഉറപ്പാക്കി ജീവിതനിലവാരം ഉയർത്താനുമായി കോർപ്പറേഷൻ വയോജനശാക്തീകരണനയം നടപ്പാക്കുന്നു. കോർപ്പറേഷൻ പരിധിയിലെ 60 പിന്നിട്ടവരെ ലക്ഷ്യമിട്ടാണ് പ്രവർത്തനം നടത്തുക. ഏതാണ്ട് ഒരുലക്ഷം മുതിർന്ന പൗരന്മാരുണ്ട്.


ആരോഗ്യമേഖല, സാമൂഹികാധിഷ്ഠിത മേഖല എന്നിങ്ങനെ തിരിച്ചാണ് പ്രവർത്തനം നടത്തുക. മുതിർന്നവർക്കിടയിൽ ജീവിതശൈലീരോഗം ഏറുന്നുണ്ട്. നിലവിൽ ലഭ്യമാകുന്ന ചികിത്സയെക്കുറിച്ച് പ്രാഥമികവിവരം ശേഖരിക്കും. വാർഡുകൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ നടത്തുകയും ആവശ്യമായ മരുന്നും പരിചരണവും നൽകുകയും ചെയ്യും. കൂടാതെ ഫിസിയോത്തെറാപ്പി-കൗൺസലിങ് എന്നിവയെല്ലാമുണ്ടാകും.




വയോജനങ്ങൾക്ക് നിയമസഹായം, ആവശ്യമെങ്കിൽ തൊഴിൽ-കരകൗശല പരിശീലനം എന്നിവ ഉറപ്പാക്കുകയാണ് സാമൂഹികമായ ഇടപെടലിലൂടെ. വയോജന കൂട്ടായ്മയിലൂടെ അവരും സമൂഹത്തിൽ ചേർന്നുനിൽക്കുന്നവരാണെന്ന് ഉറപ്പാക്കും. ഇതിനായി കോർപ്പറേഷൻതല വയോജനസമിതി, വാർഡ്‌തല സമിതി, വയോക്ലബ്ബുകൾ എന്നിവയുണ്ടാകും. ഓരോ വാർഡിലും 60-നുമുകളിൽ പ്രായമുള്ളവരെ ഉൾപ്പെടുത്തി പരമാവധി 50 ക്ലബ്ബുകൾ രൂപവത്കരിക്കും. ജീവിതചുറ്റുപാടുകൾ മനസ്സിലാക്കാനും മാനസികോല്ലാസത്തിനും ഇടമൊരുക്കും. പൊതുകെട്ടിടങ്ങളിലും വായനശാലയിലുമെല്ലാം ഒത്തുകൂടാനുള്ള സൗകര്യമുണ്ടാകും. കോർപ്പറേഷൻതല സമിതി സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുക.
Previous Post Next Post