തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രിയുമായും ചർച്ച നടത്തിയതിന് പിന്നാലെയാണ് സമരം പിൻവലിച്ചത്.
നിരക്ക് വർധന ആവശ്യപ്പെട്ട് ബസുടമകൾ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് ബസുടമകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്. തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോടൊപ്പം ഗതാഗതമന്ത്രി ആൻ്റണി രാജുവും പങ്കെടുത്തു. യാത്രാനിരക്കിൽ വർധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. എന്നാൽ എപ്പോൾ മുതൽ നിരക്ക് വർധന നടപ്പാക്കുമെന്ന കാര്യത്തിൽ മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. ബസുടമകളുടെ ആവശ്യപ്രകാരമായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം.
നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകൾ സമരം ആരംഭിച്ചത്. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിരുന്നു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകിയതാണ് സമരത്തിലേക്ക് നയിച്ചത്.
അതേസമയം 30-ന് ചേരുന്ന ഇടതുമുന്നണിയോഗത്തിൽ നിരക്ക് വർധന എന്ന ആവശ്യം ചർച്ച ചെയ്യുമെന്നും എൽഡിഎഫിൽ തീരുമാനമുണ്ടായാൽ പിന്നെ വൈകാതെ തന്നെ ഇക്കാര്യത്തിൽ ഉത്തരവിറങ്ങുമെന്നും നേരത്തെ ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചിരുന്നു. എന്നാൽ നിരക്ക് വർധന എത്രയെന്നതിലും എപ്പോൾ നടപ്പാക്കുമെന്നതിലും വ്യക്തത വേണം എന്നാണ് ബസുടമകളുടെ നിലപാട്. ബസ് സമരം പിൻവലിച്ചെങ്കിലും നാളെയും മറ്റന്നാളും 48 മണിക്കൂർ ദേശീയ പണിമുടക്കായതിനാൽ ബസുകൾ ഓടില്ല.