ഹജ്ജ് കേന്ദ്ര ക്വോട്ട പ്രഖ്യാപിച്ചു; ഈ വർഷം കേരളത്തിൽ നിന്ന് 5747 പേർക്ക് അവസരം


ദില്ലി: ഈ വർഷത്തെ ഹജ്ജിനുള്ള കേന്ദ്ര കമ്മറ്റി ക്വാട്ട പ്രഖ്യാപിച്ചു. കേരളത്തിന് 5747 പേർക്ക് ഹജ്ജിന് അവസരം കിട്ടും. ഹജ്ജിന് പോകാൻ അപേക്ഷിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപെടുന്നവർക്ക് അവസരം ലഭിക്കും. ഈ മാസം 26 നും 30 നും ഇടയിലായി നറുക്കെടുപ്പ് നടക്കുമെന്നാണ് അറിയിപ്പ്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അനുവദിച്ച ക്വോട്ട 56601 ആണ്. ഇതിൽ 55164 സീറ്റ് വിവിധ സംസ്ഥാനങ്ങൾക്കായി വീതിച്ചു നൽകി. അതു പ്രകാരമാണ് കേരളത്തിന് 5747 പേർക്ക് ഇത്തവണ അവസരം ലഭിച്ചത്. കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവ് വരുന്ന സീറ്റുകളും കൂടി ലഭിച്ചാൽ കേരളത്തിൽ നിന്നം കൂടുതൽ പേർക്ക് അവസരം ലഭിക്കും. ഇതിനോടകം ലഭിച്ച അർഹരായ അപേക്ഷകരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരത്തെടുക്കപ്പെടുന്നവർക്കാണ് ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിക്കുക.


കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി വിദേശ തീർഥാടകർക്ക് ഹജ്ജ് കർമ്മത്തിന് സൗദി അറേബ്യ അനുമതി നൽകിയിരുന്നില്ല. എന്നാൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തവണ വിദേശ തീർഥാടകരെ ഹജ്ജിന് അനുവദിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചത്. ആഭ്യന്തര തീർത്ഥാടകരും വിദേശ തീർത്ഥാടകരും അടക്കം പത്ത്‌ ‌ ലക്ഷം പേർക്കാണ് ഹജ്ജിന് അനുമതി. 65 വയസ്സിന് മുകളിലുള്ളവർക്ക് ഹജ്ജിന് അനുമതി നൽകില്ല. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമേ അനുമതി ഉണ്ടാവൂ എന്നും സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. വിദേശ തീർഥാടകർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഓരോ രാജ്യത്തിനും അനുവദിക്കേണ്ട ഹജ്ജ് ക്വട്ട സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കും . അതാത് രാജ്യങ്ങളുടെ സൗദിയിലെ എംബസിയുമായാണ് ഇക്കാര്യത്തിൽ ചർച്ച ഉണ്ടാകുക.
Previous Post Next Post